കുഞ്ഞാലി മരയ്ക്കാരുടെ 70 ശതമാനവും ചിത്രീകരിക്കുന്നത് കടലില്‍
സംവിധായകനായ സന്തോഷ് ശിവന്‍ ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കുഞ്ഞാലി മരയ്ക്കാരുടെ 70 ശതമാനവും ചിത്രീകരിക്കുന്നത് കടലിലായിരിക്കും. മരയ്ക്കാര്‍ ഒരു നാവികനായതുകൊണ്ട് തന്നെ കടലിന് പ്രാധാന്യമുള്ളതായിരിക്കും ചിത്രം. സംവിധായകനായ സന്തോഷ് ശിവന്‍ ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെയായിരിക്കും ചിത്രം ഒരുക്കുക. വന്‍ ബജറ്റിലൊരുക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ. 1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. മരക്കാർ എന്ന സ്ഥാനപ്പേർ നൽകിയിരുന്നത് സാമൂതിരി രാജാവായിരുന്നു.
സന്തോഷ് ശിവന്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ ഒരുക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്. ഒടുവില്‍ പ്രിയന്‍ തന്റെ പ്രോജക്ടില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതിനിടയില്‍ സന്തോഷ് ശിവന് താന്‍ എട്ട് മാസത്തെ സമയം നല്‍കാമെന്നും അതിനുള്ളില്‍ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ തന്റെ കുഞ്ഞാലി മരയ്ക്കാരുമായി മുന്നോട്ടു പോകുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.