കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ഒരുപാട് സാഹസിക രംഗങ്ങള്‍ ചെയ്യേണ്ടിവന്നുവെന്ന് നിവിന്‍ പോളി
അതിനാൽ കുതിര സവാരിക്കിടെ പലപ്പോഴും കുതിരകൾ കുടഞ്ഞെറിഞ്ഞിട്ടുവരെയുണ്ട് നിവിൻ പോളി പറഞ്ഞു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണി. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷയാണുള്ളത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊച്ചുണ്ണിയുടെ ഉറ്റതോഴനായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുന്നതും പ്രതീക്ഷകള്‍ വാനോളമെത്തിക്കുന്നു. ഒക്ടോബര്‍ 11ന് ചിത്രം തിയറ്ററിലെത്തുകയാണ്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ നിവിന്‍ പോളി പങ്കുവച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ മനസ് തുറന്നത്.
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ കുതിരപ്പുറത്തു നിന്നും നിരവധി തവണ വീണിട്ടുണ്ടെന്ന് നിവിന്‍ പറഞ്ഞു. സാധാരണ സിനിമയുടെ ചിത്രീകരണത്തിനായി ഒരു കുതിരയെ ഇണക്കിയെടുത്ത് അവന്റെ പുറത്തായിരിക്കും ചിത്രീകരണം നടത്തുക. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകൾ ഇടയ്ക്കിടെ മാറ്റുന്നതിനാൽ എല്ലാ സ്ഥലങ്ങളിലേക്കും കുതിരയെ കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ ഓരോ സ്ഥലങ്ങളിലും പുതിയ കുതിര ആയിരിക്കും ഉണ്ടാവുക. അതിനാൽ കുതിര സവാരിക്കിടെ പലപ്പോഴും കുതിരകൾ കുടഞ്ഞെറിഞ്ഞിട്ടുവരെയുണ്ടെന്നും നിവിൻ പോളി പറഞ്ഞു.
അതേസമയം ശ്രീലങ്കയിലും മംഗളൂരുവിലുമുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കിടയിലാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയ്ക്ക് പല അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും റോഷൻ ആൻഡ്രൂസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
“ശ്രീലങ്കയിലെ ഒരു തടാകത്തിലായിരുന്നു ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. പക്ഷെ അവിടെ എത്തിയപ്പോഴാണ് ഒരാൾ പറയുന്നത് തടാകത്തിൽ മുന്നൂറോളം മുതലകൾ ഉണ്ടെന്ന്. അവിടെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നതിനാൽ അപകടമാണെന്നറിഞ്ഞിട്ടും മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഷൂട്ടിങ്ങിനു മുന്നേ തന്നെ ക്രൂവിലുണ്ടായിരുന്ന കുറച്ചുപേരെ തടാകത്തിലിറക്കി ശബ്ദമുണ്ടാക്കിക്കൊണ്ട് മുതലകളെ പേടിപ്പിച്ചു വിട്ടു. എന്നാൽ പോലും ഷൂട്ടിംഗ് സമയത് അഞ്ചോ-ആറോ മുതലകൾ വെള്ളത്തിന് മുകളിൽ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്.”-റോഷൻ ആൻഡ്രൂസ് പറഞ്ഞു.
മാംഗ്ലൂരിലെ കട്ടപ്പ വനത്തിലെ ഷൂട്ടിനിടെ ക്രൂവിലെ ഒരാളെ പാമ്പുകടിച്ചു. വിഷപ്പാമ്പുകൾ നിറഞ്ഞ അപകടം പിടിച്ച ഒരു സ്ഥലമായിരുന്നു അത്, അതുകൊണ്ട് തന്നെ ക്രൂവിലുള്ളവർക്ക് വൈദ്യ സഹായം നൽകാനായി ഒരു ഡോക്ടറും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് പാമ്പു കടിയേറ്റ ആൾക്ക് അപകടം സംഭവിക്കാതിരുന്നത്. ഷൂട്ടിങ്ങിനിടെ നിവിന്റെ കൈ ഒടിഞ്ഞതും തലനാരിഴയ്ക്ക് കാളവണ്ടി ദേഹത്ത് വീഴാതെ രക്ഷപ്പെട്ടതുമെല്ലാം മറ്റു ഞെട്ടിക്കുന്ന അനുഭവങ്ങളായിരുനെന്നും റോഷൻ പറഞ്ഞു.