നിങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരല്ലേ, മര്യാദയ്ക്ക് മടങ്ങി പൊയ്‌ക്കോ; മലയാളി സംവിധായകനെ അധിക്ഷേപിച്ച് ചലച്ചിത്രമേളയുടെ വൈസ് ചെയര്‍മാന്‍

സംവിധായകന്‍ കമല്‍ കെ.എമ്മിനെയാണ് വൈസ് ചെയര്‍മാനായ രാജേന്ദ്ര തലാഖ് അധിക്ഷേപിച്ചത്

Update: 2018-11-23 04:26 GMT
Advertising

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ വെച്ച് മലയാളി സംവിധായകനെ മേളയുടെ വൈസ് ചെയര്‍മാന്‍ അധിക്ഷേപിച്ചതായി ആരോപണം. സംവിധായകന്‍ കമല്‍ കെ.എമ്മിനെയാണ് വൈസ് ചെയര്‍മാനായ രാജേന്ദ്ര തലാഖ് അധിക്ഷേപിച്ചത്.

സംഭവത്തെക്കുറിച്ച് കമല്‍ പറയുന്നത് ഇങ്ങിനെ

ഇന്ന് ഉച്ചയ്ക്ക് 12.15നു പ്രദര്‍ശിപ്പിച്ച ‘ദ് ഗില്‍റ്റി’ എന്ന ചിത്രം കാണാന്‍ ഞങ്ങള്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഒരു മണിയായിട്ടും ഞങ്ങളെ സിനിമ കാണാന്‍ കയറ്റിയില്ല. ടിക്കറ്റെടുത്ത പകുതി പേരും പുറത്തുനില്‍ക്കെ പ്രദര്‍ശനം തുടങ്ങി. ഞങ്ങളിത് വോളണ്ടിയര്‍മാരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ പൊലീസ് ഓഫീസര്‍ ഉത്തരാഖണ്ഡ് റാവു ദേശായിയും മേളയുടെ വൈസ് ചെയര്‍മാന്‍ രാജേന്ദ്ര തലാഖും അവിടേക്ക് എത്തി. രാജേന്ദ്ര തലാഖ് അവിടെ ക്യൂവില്‍ നിന്നിരുന്ന സ്ത്രീകളോട് മോശം ഭാഷയില്‍ സംസാരിച്ചു. നിങ്ങള്‍ താമസിച്ച് എത്തിയതു കൊണ്ടാണ് പ്രവേശിപ്പിക്കാത്തതെന്ന് പറഞ്ഞു.

ഞങ്ങളിവിടെ നാല്‍പ്പത്തിയഞ്ചു മിനിട്ടായി കാത്തുനില്‍ക്കുകയാണ്. ഞങ്ങള്‍ താമസിച്ചെന്ന ആരോപണം ശരിയല്ലെന്ന് ഞാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍വെച്ച് പറഞ്ഞു. ഇത് കേട്ടയുടന്‍ രാജേന്ദ്ര തലാഖ് ‘നിങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണെന്ന് എനിക്കറിയാം, നിങ്ങള്‍ മര്യാദയ്ക്ക് തിരിച്ചുപോകണം.’ എന്ന് പറഞ്ഞു. ഇത്രയും ജനങ്ങള്‍ കൂടി നില്‍ക്കുമ്പോള്‍ മേളയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്നും ഇത്തരമൊരു പ്രതീകരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇവര്‍ക്ക് ഇങ്ങിനെയൊക്കെ പറയാന്‍ എങ്ങനെ ധൈര്യം വരുന്നു.

ഏതായാലും സംഭവം ഞാന്‍ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതിന് മുമ്പ് എന്റെ സിനിമ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചുണ്ട്. എന്നെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് കഴിഞ്ഞവര്‍ഷം തിരഞ്ഞെടുത്തതുമാണ്. എന്നിട്ടും ഇങ്ങിനെയൊരു അധിക്ഷേപം നേരിട്ടതില്‍ ഖേദമുണ്ട്. സിഇഒ അമേയ അഭയങ്കറിനോട് ഞാന്‍ പരാതി പറഞ്ഞു. ചലച്ചിത്രമേളയുടെ പേരില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നാളെ ഉച്ചയാകുമ്പോഴേക്കും വ്യക്തമായ സമാധാനം ഉണ്ടാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.

Everyone had queued up at least half an before the screening time for the film The Guilty ( today 22 November 2018) and...

Posted by Sudha Padmaja Francis on Thursday, November 22, 2018
Tags:    

Similar News