'നായാട്ട്'; കൗതുകമുണർത്തി കുഞ്ചാക്കോ ബോബന്റെയും ജോജുവിന്റെയും ക്യാരക്ടർ പോസ്റ്ററുകൾ
അതിജീവനവും രാഷ്ട്രീയവും കൂടികലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം 'നായാട്ടി' പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവരുടെ കൗതുകമുണർത്തുന്ന ലുക്കുകളിലുള്ള പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഏപ്രിൽ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
2017-ൽ പുറത്തിറങ്ങിയ 'മഞ്ജു വാര്യർ' പ്രധാന കഥാപാത്രമായ ഉദാഹരണം സുജാതക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. ഷാഹി കബീർ തിരക്കഥയെഴുതുന്ന ചിത്രം ത്രില്ലർ ജോണറിലുള്ളതാണെന്ന് പുറത്തിറങ്ങിയ പോസ്റ്ററുകളിൽ നിന്നു വ്യക്തമാവുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതിജീവനവും രാഷ്ട്രീയവും കൂടികലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. സംവിധായകൻ കൂടിയായ മഹേഷ് നാരായൺ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് വിഷ്ണു വിജയൻ സംഗീതം നൽകിയിരിക്കുന്നു.