'ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു': ലാല്‍ സിങ് ഛദ്ദ ബഹിഷ്കരണ ക്യാമ്പെയിനെ കുറിച്ച് ആമിര്‍ ഖാന്‍

'ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. മറ്റെന്താണ് ഞാൻ പറയുക?'

Update: 2023-01-23 07:15 GMT
Advertising

ലാല്‍ സിങ് ഛദ്ദ നാളെ തിയേറ്ററുകളില്‍ എത്താനിരിക്കെ താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം വെളിപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. 48 മണിക്കൂറായി ഉറങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു-

"വലിയ മാനസിക സമ്മര്‍ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ് കളിക്കുകയോ ചെയ്യുന്നു. ആഗസ്ത് 11നു ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ കഴിയുക"- ആമിര്‍ പറഞ്ഞു.

താന്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ആമിര്‍ നായകനായ ലാല്‍ സിങ് ഛദ്ദ എന്ന സിനിമ ബഹിഷ്കരിക്കണമെന്ന ക്യാമ്പെയിന്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതികരണം.

"ഞാൻ സർവ്വശക്തനോട് പ്രാർഥിക്കുന്നു. എന്‍റെ പ്രേക്ഷകരിൽ എനിക്ക് വിശ്വാസമുണ്ട്. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിൽ എനിക്ക് സങ്കടമുണ്ട്. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. മറ്റെന്താണ് ഞാൻ പറയുക? പക്ഷേ കൂടുതൽ കൂടുതൽ ആളുകൾ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണത്. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു"- ആമിര്‍ ഖാന്‍ പറഞ്ഞു.

പികെ എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ആമിറിനെതിരെ സൈബറാക്രമണം തുടങ്ങിയത്. ചിത്രം വിശ്വാസികളെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഒരു അഭിമുഖത്തിനിടെ ആമിര്‍ നടത്തി പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തെ ചില സംഭവവികാസങ്ങള്‍ കാരണം സുരക്ഷിതത്വം തോന്നുന്നില്ലെന്ന് ഭാര്യ കിരണ്‍ റാവു പറഞ്ഞെന്ന പ്രസ്താവനയെ ചൊല്ലിയായിരുന്നു വിവാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആമിറിന്‍റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന ക്യാമ്പെയിന്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയത്.

നാല് വര്‍ഷത്തിനു ശേഷമാണ് ആമിര്‍ ഖാന്‍റെ സിനിമ തിയേറ്ററുകളിലെത്തുന്നത്. എറിക് റോത്തും അതുൽ കുൽക്കർണിയും ചേർന്ന് തിരക്കഥയെഴുതി അദ്വൈത് ചന്ദൻ സംവിധാനം ചെയ്‌ത ചിത്രമാണിത്. ആഗസ്ത് 11നാണ് റിലീസ്. ബോളിവുഡിനെയും ലാൽ സിങ് ഛദ്ദയെയും ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ അത് തന്നെ വേദനിപ്പിക്കുന്നുവെന്ന് ആമിർ ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു- "അതെ, എനിക്ക് സങ്കടമുണ്ട്. മാത്രമല്ല ഇത് പറയുന്ന ചില ആളുകൾ ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെയല്ല, ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്, ദയവായി എന്റെ സിനിമ കാണുക" എന്നാണ് ആമിര്‍ പറഞ്ഞത്.

ടോം ഹാങ്ക്സിന്‍റെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റവും ഈ ചിത്രത്തിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News