'ഐശ്വര്യ അഭിനയിക്കട്ടെ, നിങ്ങൾ മകളെ നോക്കിയിരിക്കൂ'; ആരാധകന്റെ കമന്റിന് അഭിഷേക് ബച്ചൻ നൽകിയ മറുപടി വൈറൽ
രണ്ടാംഭാഗം പ്രദർശനത്തിനെത്തിയപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് ഐശ്വര്യ റായി ബച്ചന്‍റെ പ്രകടനമായിരുന്നു
നടി ഐശ്വര്യ റായിയെ അഭിനയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ആരാധകനോട് ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ നൽകിയ മറുപടി വൈറലായിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ 2 നെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ചിത്രം മികച്ചതാണ്. മുഴുവൻ ടീമിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു. ഐശ്വര്യയുടെ ഏറ്റവും മികച്ച പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്നും അഭിഷേക് ബച്ചൻ ട്വീറ്റ് ചെയതു. തൊട്ടുപിന്നാലെയാണ് ഐശ്വര്യയെ അഭിനയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകൻ രംഗത്തെത്തിയത്.
ഇനി അവൾ കൂടുതൽ സിനിമകൾ ചെയ്യട്ടെ, നിങ്ങൾ ആരാധ്യയെ ശ്രദ്ധിക്കൂ എന്ന ആരാധകന്റെ ട്വീറ്റിനാണ് അഭിഷേക് ബച്ചൻ മറുപടി നൽകിയത്. ''അവൾ കൂടുതൽ സിനിമകൾ ചെയ്യട്ടെ, അവൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ എന്റെ അനുവാദം ആവശ്യമില്ല''- അഭിഷേക് ബച്ചൻ മറുപടി നൽകി.
പൊന്നിയിൻ സെൽവൻ 2വിൽ പഴുവൂർ രാജ്ഞിയായ നന്ദിനിയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2 ഏപ്രിൽ 28 നാണ് റിലീസായത്. ഐശ്വര്യയെ കൂടാതെ വിക്രം, ജയം രവി, തൃഷ കൃഷ്ണൻ, ശോഭിത ധൂലിപാല എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് മണിരത്നം പൊന്നിയിൻ സെൽവൻ ആദ്യഭാഗം റിലീസ് ചെയ്തത്. ചിത്രം ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ പ്രശംസ നേടിയിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. ആദ്യ ഭാഗത്തിൽ ചോള രാജകുമാരൻ അരുൺമൊഴി വർമ്മയുടെ (ജയം രവി അവതരിപ്പിച്ച) ആദ്യകാല ജീവിതമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്, എല്ലാകേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കാനായിട്ടുണ്ട്. രണ്ടാംഭാഗം പ്രദർശനത്തിനെത്തിയപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് ഐശ്വര്യ റായി ബച്ചൻ തന്നെയായിു ഇരട്ട കഥാപാത്രത്തിലാണ് നടി എത്തിയത്. വിവാഹത്തെ തുടർന്നാണ് ഐശ്വര്യ സിനിമയിൽ നിന്ന് ഇടവേള എടുത്തത്. മകൾ ജനിച്ചതിന് ശേഷം കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകുകയായിരുന്നു.