വാജ്പേയി ഇനി സ്ക്രീനിലേക്ക്; പങ്കജ് ത്രിപാഠി വാജ്പേയി ലുക്കില്‍, വീഡിയോ
ഉല്ലേഖ് എൻ.പിയുടെ 'ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്' എന്ന പുസ്തകത്തിന്‍റെ ആവിഷ്കാരമാണ് ചിത്രം
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. 'മേം അടൽ ഹൂം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠി വാജ്പേയിയുടെ വേഷത്തിലെത്തും. പങ്കജ് ത്രിപാഠി വാജ്പേയിയുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ഇക്കഴിഞ്ഞ ക്രിസ്മസിന് പുറത്തുവിട്ടിരുന്നു.
ഉല്ലേഖ് എൻ.പിയുടെ 'ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്' എന്ന പുസ്തകത്തിന്‍റെ ആവിഷ്കാരമാണ് ചിത്രം. മൂന്ന് തവണ ദേശീയ പുരസ്കാര ജേതാവായ രവി ജാദവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലീം-സുലൈമാന്‍ ചിത്രത്തിന് സംഗീതം ഒരുക്കും.
വെറുമൊരു രാഷ്ട്രീയ പ്രവർത്തകനായല്ല, കവി, രാഷ്ട്ര തന്ത്രജ്ഞൻ, നേതാവ്, മനുഷ്യസ്നേഹി എന്നിങ്ങനെ എല്ലാ മേഖലകളിലും ജനങ്ങൾക്ക് പ്രിയങ്കരനായ വാജ്പേയിയെയാകും ചിത്രത്തിൽ കാണാനാവുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തും.