വെള്ളമില്ല,പുക,ചൂട്; കൊച്ചിയിലെ ജീവിതം നരകമായെന്ന് വിജയ് ബാബു
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ വിനയന്‍
കൊച്ചി: മെട്രോ നഗരമായ കൊച്ചിയിലെ ജീവിതം ഇപ്പോള്‍ നരകതുല്യമായി മാറിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമവും കൊതുകുശല്യവും മൂലം ബുദ്ധിമുട്ടുകയായിരുന്ന കൊച്ചിക്കാരുടെ മേല്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണ് ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം. തീപിടിത്തവും പുകയും തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. കൊച്ചിയിലെ ജീവിതം നരക തുല്യമായെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു കുറിക്കുന്നു.
''വെള്ളമില്ല, നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു. പുക, ചൂട്,കൊതുക്, പകര്‍ച്ചവ്യാധികള്‍...കൊച്ചിയിലെ ജീവിതം നരകമായിരിക്കുകയാണ്'' വിജയ് ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു.
വിനയന്‍റെ കുറിപ്പ്
ഇതു കൊല്ലാക്കൊലയാണ്...
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നത്. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുർണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നു പോകുന്നു. വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ പലതായി..
എന്നിട്ടുപോലും ശ്വാസ കോശത്തിന് അസുഖമുള്ളവർ പലരും ചികിത്സക്കായി ആശുപത്രികളിൽ അഭയം തേടിയിരിക്കുന്നു .AC ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാർക്കൊക്കെ ശാരീരിക അസ്വസ്തത അനുഭവപ്പെടുന്നു. പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാാരായ തൊഴിലാളികൾ പലരും ചുമയും ശ്വാസം മുട്ടലും മൂലം വിഷമിക്കുന്നു..
സ്ലോ പോയിസൺ പോലെ മനുഷ്യൻെറ ജീവനെതന്നെ ഇല്ലാതാക്കാൻ പോന്ന ഈ വിപത്തിൻെറ ആഴം അധികാരികൾ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ഈ വിഷമല കത്തിയതിനു പിന്നിൽ ഏതെങ്കിലും വ്യക്തികൾക്കു പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം നടക്കുന്നത്രേ. അങ്ങനുണ്ടങ്കിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം.. ഇത്തരം സാമൂഹിക വിപത്തു സൃഷ്ടിക്കുന്നവർക്കെതിരെ എല്ലാവരും പ്രതികരിക്കണം.