'അങ്ങനെയല്ല പ്രതികരിക്കേണ്ടിയിരുന്നത്'; ഹേമ കമ്മിറ്റി റിപ്പോർട്ടിനോടുള്ള പ്രതികരണം വിവാദമായതോടെ ക്ഷമ ചോദിച്ച് നടൻ വിനയ് ഫോർട്ട്
ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു തന്റെ ശരീരഭാഷ എന്നുതോന്നിയെന്ന് നടൻ പറയുന്നു.
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തോട് നടൻ വിനയ് ഫോർട്ടിന്റെ പ്രതികരണം വിമർശനത്തിനിടയാക്കിയിരുന്നു. റിപ്പോർട്ടിനെ കുറിച്ച് തനിക്കൊന്നും അറിയില്ല, അറിയാത്ത വിഷയത്തെ കുറിച്ച് താനൊന്നും പറയില്ല, വേറെയെന്തൊക്കെ പരിപാടികളുണ്ട്, സമയം കിട്ടണ്ടേ, മലയാള സിനിമ അടിപൊളിയാണ്- എന്നൊക്കെയായിരുന്നു ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയുള്ള വിനയ് ഫോർട്ടിന്റെ പ്രതികരണം. നടന്റെ പ്രതികരത്തിനും ശരീരഭാഷയ്ക്കുമെതിരെ സോഷ്യൽമീഡിയയിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ ഇപ്പോൾ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ.
വളരെ ഗൗരവമേറിയ, വളരെ ദീർഘമായൊരു റിപ്പോർട്ടാണ് ഹേമ കമ്മിറ്റിയുടേതെന്നും അതിനെക്കുറിച്ച് പ്രതികരിക്കണമെങ്കിൽ നമ്മളതിനെക്കുറിച്ച് മനസിലാക്കുകയും പഠിക്കുകയും വേണമെന്നും അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് വിഡ്ഡിത്തമാണെന്നും നടൻ പറഞ്ഞു. ചോദ്യത്തിനുള്ള തന്റെ പ്രതികരണ വീഡിയോ താൻ വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു തന്റെ ശരീരഭാഷ എന്നു തോന്നിയെന്ന് നടൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 'അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചതായി അറിയുകയും ചെയ്തു. തന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'- നടൻ വ്യക്തമാക്കി.
വിനയ് ഫോർട്ടിന്റെ ക്ഷമാപണത്തിന്റെ പൂർണരൂപം-
'കഴിഞ്ഞദിവസം ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യു കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇറങ്ങിയത്. സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ഞാനെപ്പോഴും തമാശ പറയുന്ന വളരെ അടുത്ത കുറച്ച് ഓൺലൈൻ സുഹൃത്തുക്കളെ കാണുകയുണ്ടായി. അവർ വന്നപ്പോൾ സിനിമയുടെ റിവ്യു ചോദിക്കാനാണെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അവരെന്നോട് ചോദിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചാണ്. വളരെ ഗൗരവമേറിയ, വളരെ ദീർഘമായൊരു റിപ്പോർട്ടാണത്. അതിനെക്കുറിച്ച് പ്രതികരിക്കണമെങ്കിൽ നമ്മളതിനെക്കുറിച്ച് മനസിലാക്കണം. പഠിക്കണം. അല്ലാതെ നമ്മൾ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് വിഡ്ഡിത്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞതിന്റെ ഒരു ഭാഗമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ ഞാനത് വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു എന്റെ ശരീരഭാഷ എന്നെനിക്കും തോന്നി. അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചതായി ഞാനറിയുകയും ചെയ്തു. എന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു'.
ഇന്നലെയായിരുന്നു റിപ്പോർട്ടിനെ കുറിച്ചുള്ള വിനയ് ഫോർട്ടിന്റെ പരാമർശം. 'എനിക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. ഞാനും ഇതേ പോലെ റിപ്പോർട്ട് വന്ന കാര്യം മാത്രമേ അറിയുകയുള്ളൂ. അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല. ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി സംസാരിക്കാതിരിക്കുക എന്നതാണ്. ഞാൻ അതിനെ കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല. അപ്പോ നിങ്ങൾ ചോദിക്കുമ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. എനിക്ക് അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല'- താരം പറഞ്ഞു.
'അതിനെ കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ ഇത്ര സമയമല്ലേ ഉള്ളൂ. അതിന്റെ ഇടയിൽ വേറെ ഒരുപാട് പരിപാടികൾ ഉണ്ട് മോനേ. സമയം കിട്ടണ്ടേ. മലയാള സിനിമ അടിപൊളിയാണ്'- എന്നും താരം പ്രതികരിച്ചിരുന്നു. തുടർന്ന് മടങ്ങുകയായിരുന്നു.