'പുകയൊഴുകുന്ന വീടകങ്ങളിൽ എന്ത് ധൈര്യത്തിലാണ് ഉറങ്ങേണ്ടത്? ബ്രഹ്‌മപുരം തീപിടിത്തത്തിൽ അശ്വതി ശ്രീകാന്ത്
ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂഎന്നും അശ്വതി
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിൽ ജനരോഷം ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ അവതാരക അശ്വതി ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്ന് അശ്വതി പറയുന്നു.
''പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്'' ബ്രഹ്‌മപുരം തീപിടിത്തത്തിലെ സങ്കടം പങ്കുവെച്ച പങ്കുവെച്ച കുറിപ്പിൽ അശ്വതി ചോദിക്കുന്നു
അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്...! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്.
ബ്രഹ്മപുരം തീപിടിത്തത്തില്‍ മഞ്ജു വാര്യർ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, സംഗീത സംവിധായകന്‍ ബിജിബാല്‍, ഛായാഗ്രഹകന്‍ ഷാംദത്ത് സെയ്നൂദ്ദീന്‍, നിര്‍മാതാക്കളായ വിജയ് ബാബു, ഷിജു ജി സുശീലന്‍ എന്നിവര്‍ പ്രതികരണം അറിയിച്ചിരുന്നു.അതെ സമയം ബ്രഹ്മപുരം തീപിടിത്തത്തില്‍ വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 799 പേർ ചികിത്സ തേടിയതായും 17 പേരെ കിടത്തി ചികിത്സിച്ചതായും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഐ.എം.എ, സ്വകാര്യ ആശുപത്രിയുൾപ്പെടെയുള്ളവയുടെ സഹകരണം ആരോഗ്യവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയിൽ പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.