'ഗോൾഡ് പൊട്ടിയതല്ല..പൊട്ടിച്ചത്, എല്ലാ മഹാന്മാരെയും പെടുത്തും': ആരോപണങ്ങളുമായി അൽഫോൺസ് പുത്രൻ
റിലീസിന് മുൻപ് 40 കോടി കളക്ട് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. പടം തിയേറ്ററിൽ മാത്രമാണ് ഫ്ളോപ്പെന്നും അൽഫോൺസ് കുറിച്ചു
ഗോൾഡ് സിനിമ തിയേറ്ററിൽ പരാജയപ്പെട്ടത് മോശം പബ്ലിസിറ്റി കാരണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു അൽഫോൺസ് പുത്രന്റെ ആരോപണങ്ങൾ. ആദ്യകാലത്ത് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിമിലെ ചിത്രം അൽഫോൺസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റിന് താഴെ വന്ന കമന്റിന് അൽഫോൺസ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രസ്ഡ് ആകുന്നത് എന്തിനാണ് ബ്രോ.. അങ്ങനെ ആണെങ്കിൽ ലാലേട്ടൻ ഒക്കെ ഇൻഡസ്ട്രിയിൽ കാണുമോ..ഒരു gold പോയാൽ ഒൻപത് പ്രേമം വരും, തിരിച്ചുവരിക എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായാണ് ഗോൾഡ് പരാജയപ്പെട്ട സിനിമയല്ല, പരാജയപ്പെടുത്തിയതാണ് എന്നതടക്കമുള്ള ആരോപണങ്ങൾ അൽഫോൺസ് ഉന്നയിച്ചത്.
"ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതിലല്ല. റിലീസിന് മുൻപ് 40 കോടി കളക്ട് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. അതുകൊണ്ട് പടം ഫ്ലോപ്പ് അല്ല. തിയേറ്ററിൽ ഫ്ലോപ്പ് ആണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും എന്നോട് ഒരുപാട് കള്ളം പറഞ്ഞതും കിട്ടിയ എമൗണ്ട് മറച്ചുവെച്ചതും എന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിൻ പീരയിടുന്നത് പോലെ ഒരേയൊരു വാക്ക് മാത്രമാണ് പറഞ്ഞത്. ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്. ഇതാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്ക്. ഞാൻ ഏഴ് വർക്ക് ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. പ്രൊമോഷൻ ടൈമിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. അതുകൊണ്ട് ഗോൾഡ് ഫ്ലോപ്പ് ആയത് തിയേറ്ററിൽ മാത്രം. തിയേറ്ററിൽ നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അൻവർ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റർ ഓപ്പൺ ചെയ്തു ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും ഒക്കെ പെടും, ഞാൻ പെടുത്തും"; അൽഫോൺസ് മറുപടി നൽകി.
ആരോഗ്യ പ്രശ്നത്തെ തുടർന്ന് സിനിമാ ജീവിതം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ഒക്ടോബറിൽ അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. തനിക്ക് ഓട്ടിസം സപെക്ട്രം ഡിസോർഡർ എന്ന അസുഖമാണെന്നും സിനിമ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പോസ്റ്റ് വലിയ ചർച്ചയായടെ പിൻവലിക്കുകയും ചെയ്തു. തുടർന്ന് നിരന്തരം പോസ്റ്റുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം. നേരത്തെ തിയേറ്റർ ഉടമകൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.