"എന്തിനും ഏതിനും ബോയ്‌കോട്ട്, സുശാന്ത് സിങ്ങ് ഇന്നും ട്രെൻഡിങ്"; വിചിത്രമെന്ന് അനുരാഗ് കശ്യപ്

രാഷ്ട്രീയത്തേയും മതത്തേയുംകുറിച്ച് ചെറുതായി പോലും പരാമർശിച്ച നിരവധി സിനിമകൾക്കാണ് നിർമാതാക്കളെ കിട്ടാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

Update: 2022-08-10 09:24 GMT
Advertising

ബഹിഷ്കരണം ഭയന്ന് തന്റെ സിനിമകൾ നിർമിക്കാൻ ആരും തയാറാകുന്നില്ലെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. എന്തിനും ഏതിനും ബഹിഷ്കരണമാണെന്നും നിങ്ങളെ ആരും ബഹിഷ്‌കരിക്കുന്നില്ലെങ്കില്‍ ആരും പരിഗണിക്കുന്നില്ലെന്നാണര്‍ഥമെന്നും അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടുന്നു.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ശേഷം ബോളിവുഡ് സിനിമയ്‌ക്കെതിരേ നടക്കുന്ന കടുത്ത ആക്രമണത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. "വിചിത്രമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. രണ്ട് വര്‍ഷത്തിനു ശേഷവും സുശാന്ത് സിങ് രജ്പുത്ത് എല്ലാദിവസവും ട്രെന്‍ഡിങ്ങാണ്. എല്ലാവരും ബഹിഷ്‌കരണ ആഹ്വാനത്തിന് ഇരയാകുന്നു. ഇത് എല്ലായിടത്തും നടക്കുന്നു. ചില രാഷ്ട്രീയപാര്‍ട്ടികള്‍, ക്രിക്കറ്റ് ടീമുകള്‍ അങ്ങനെ എല്ലാം ബഹിഷ്കരിക്കപ്പെടുന്നു" അനുരാഗ് കശ്യപ് പറഞ്ഞു.  

ഇപ്പോഴാണ് ബ്ലാക്ക് ഫ്രൈഡേയും ഗാങ്‌സ് ഓഫ് വാസിപൂരും എടുക്കേണ്ടി വന്നിരുന്നെങ്കില്‍ അതിനു സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരുപാട് തിരക്കഥയെഴുതി പക്ഷേ എടുക്കാന്‍ ആളുണ്ടായിരുന്നില്ല. രാഷ്ട്രീയത്തേയും മതത്തേയും കുറിച്ച് ചെറുതായി പോലും പരാമര്‍ശിച്ച നിരവധി സിനിമകള്‍ക്കാണ് നിര്‍മാതാക്കളെ കിട്ടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

രാജ്യത്ത് ബഹിഷ്‌കരണാഹ്വാനം ഒരു സംസ്‌കാരമായി മാറിയിരിക്കുകയാണ്. എല്ലാവര്‍ക്കും ഭയമാണ്, ശക്തമായ ആശയങ്ങളെ പിന്തുണയ്ക്കാൻ ശക്തരായവരില്ലെങ്കിൽ എങ്ങനെയാണ് സിനിമയെടുക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ഏത് കാലമായാലും ബോളിവുഡില്‍ തന്റേതായ ഫാന്‍ ഫോളോംവിം​ഗ് ഉണ്ടാക്കിയിട്ടുള്ള സംവിധായകനാണ് അനുരാ​ഗ് കശ്യപ്. തപ്സി പന്നു നായികയാകുന്ന 'ദൊബാര'യാണ് അനുരാഗ് കശ്യപിന്‍റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അനുരാഗ് കശ്യപിന്‍റെ ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. മിസ്റ്ററി ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മാണം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News