'യമണ്ടന്‍, ഹമുക്ക്, ഹമുക്കുല്‍ ബഡൂസ്...' മലയാളത്തില്‍ ബഷീറിന് മാത്രമുള്ളൊരു പ്രത്യേകതയുണ്ടെന്ന് മമ്മൂട്ടി
ഉഗ്രന്‍ അത്യുഗ്രുന്‍, യമണ്ടന്‍, ഹമുക്ക്, ഹമുക്കുല്‍ ബഡൂസ് എന്നിവയൊക്കെ ബഷീറിന്റെ സംഭാവനകളാണെന്നും മമ്മൂട്ടി
സാധാരണക്കാരന് മനസിലാക്കുന്ന ഭാഷയില്‍ വലിയ വലിയ ഫിലോസഫികള്‍ പറഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് നടന്‍ മമ്മൂട്ടി. വൈക്കത്തുകാരനായ താന്‍ ബഷീറുമായി പലതരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നതായും 2004ല്‍ ഖത്തറില്‍ വെച്ച് നടത്തിയ ബഷീര്‍ അനുസ്മരണത്തില്‍ മമ്മൂട്ടി പറഞ്ഞു. എ.വി.എം ഉണ്ണി ആര്‍കൈവ്‌സ് വീഡിയോയിലാണ് ഒന്നര പതിറ്റാണ്ട് മുമ്പുള്ള ബഷീര്‍ അനുസ്മരണമുള്ളത്.
ഞങ്ങള്‍ രണ്ടു പേരും വൈക്കത്തുകാരാണ്. അദ്ദേഹം സാഹിത്യത്തിലേക്ക് തിരിഞ്ഞപ്പോള്‍, താന്‍ ഏറ്റവും ഒടുവില്‍ സിനിമയിലെത്തി. അദ്ദേഹത്തിന്റെ തന്നെ അനുഭസൃഷ്ടിയായ 'മതിലു'കളില്‍ വേഷം ചെയ്യാന്‍ സാധിച്ചു. മതിലുകളില്‍ ബഷീറാവാന്‍ ശ്രമിച്ചിരുന്നില്ല. പകരം കഥാപാത്രമാവാനാണ് നോക്കിയത്. മലയാളത്തില്‍ സ്വന്തമായി ഒരു ശൈലിയുണ്ടെന്ന് പറയാവുന്നത് ബഷീറിന് മാത്രമാണെന്നും മമ്മൂട്ടി പറഞ്ഞു.
സാഹിത്യമെന്നത് സാധാരണക്കാരന് തൊട്ടറിയാന്‍ സാധിക്കുന്ന ഒന്നാണെന്ന് ബഷീര്‍ കാണിച്ചുതന്നു. സാധാരണക്കാരന്റെ ഭാഷയില്‍ ഒരുപാട് ഫിലോസഫികള്‍ ബഷീര്‍ പറഞ്ഞു. കവിതയില്‍ ചങ്ങമ്പുഴ ചെയ്തപോലെ, കഥയില്‍ ബഷീര്‍ സാധാരണക്കാരന്റെ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞു.
ഇന്ന് മലയാളികള്‍ പലരും ഉപയോഗിക്കുന്ന വാക്കുകളും ശൈലികളും വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടാക്കിയെടുത്തതാണ്. ഉഗ്രന്‍ അത്യുഗ്രുന്‍, യമണ്ടന്‍, ഹമുക്ക്, ഹമുക്കുല്‍ ബഡൂസ് എന്നിവയൊക്കെ ബഷീറിന്റെ സംഭാവനകളാണെന്നും മമ്മൂട്ടി പറഞ്ഞു.
2004 ഖത്തറില്‍ ബഷീര്‍ പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് നടത്തിയ ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ബഷീറിന്റെ കാലം കഴിഞ്ഞും, അദ്ദേഹത്തിന്റെ പേരില്‍ ഇന്നും നല്‍കികൊണ്ടിരിക്കുന്ന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളേക്കാള്‍ മഹത്തരമാണെന്നും മമ്മൂട്ടി പറഞ്ഞു.