'തെരുവിൽ നിന്ന് വന്നവൻ തെരുവിൽ തന്നെ ജീവിക്കണോ? പോയസ് ഗാർഡനിൽ താമസിക്കാൻ പറ്റില്ലേ?'- ധനുഷ്

'രായൻ' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Update: 2024-07-25 10:08 GMT
Advertising

ചെന്നെെയിൽ വി.ഐ.പികൾ മാത്രം താമസിക്കുന്ന പോയസ് ഗാർഡനിൽ വീടുവാങ്ങിയതിനെക്കുറിച്ച് നടൻ ധനുഷിന്റെ വാക്കുകൾ വൈറലാകുന്നു. 'രായൻ' സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തെരുവിൽ നിന്ന് വന്നെന്നു കരുതി തെരുവിലേ ജീവിക്കാവൂ എന്നാണോ? പോയസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ? എന്നാണ് നടൻ ചോദിക്കുന്നത്. ഒരു വീട് വാങ്ങിയത് ഇത്ര വലിയ ചർച്ചാവിഷയമാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ ഒതുക്കിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. 

'പോയസ് ഗാർഡനിൽ വീട് വാങ്ങിയതിന് പിന്നിൽ ഒരു കഥയുണ്ട്. അന്നെനിക്ക് 16 വയസാണ്. ഞാനും എന്റെയൊരു സുഹൃത്തും കൂടി കത്തീഡ്രൽ റോഡ് വഴി പോവുകയായിരുന്നു. ഞാൻ ആരുടെ കടുത്ത ആരാധകനാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ആ സമയത്ത് തലൈവരുടെ വീട് കാണണമെന്ന് ഒരു ആഗ്രഹം തോന്നി. അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോൾ സ്ഥലം പറഞ്ഞുതന്നു. ഒരു കൂട്ടം പൊലീസുകാർ അവിടെയുണ്ടായിരുന്നു. അവരോട് തലൈവരുടെ വീടിനെക്കുറിച്ച് തിരക്കി. അവർ വീട് കാണിച്ചു തന്നെങ്കിലും അവിടെ നിന്ന് വേഗം പോകണമെന്ന് പറഞ്ഞു'

'തലൈവരുടെ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുവരാൻ വണ്ടി തിരിച്ചപ്പോൾ തൊട്ടടുത്ത വീടിനു മുന്നിലും അതേ കൂട്ടം. അതെന്താണെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് അത് ജയലളിത അമ്മയുടെ വീടാണെന്ന്. ഞാൻ ബൈക്ക് നിർത്തി ഒരു നിമിഷം അവിടെയിറങ്ങി നിന്നു. ഒരു വശത്ത് രജിനി സാറിന്റെ വീട്, മറുവശത്ത് ജയലളിത അമ്മയുടെ വീട്..അന്ന് മനസിൽ കയറിയ വാശിയാണ് എന്നെങ്കിലും പോയസ് ഗാർഡനിൽ ഒരു ചെറിയ വീടുവെക്കണമെന്ന്'- ധനുഷ് പറയുന്നു.  

'അന്ന് വീട്ടിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ഒരുപാടു പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് 16 കാരനായ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ യഥാർഥ പേര്), ഇന്നു കാണുന്ന ധനുഷ് സമ്മാനിച്ചതാണ് പോയസ് ഗാർഡനിലെ വീട്. എന്നെ ഇതോടെ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കുന്നു'- ധനുഷ് കൂട്ടിച്ചേർത്തു. 150 കോടിയോളം ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് പോയസ് ഗാർഡനിൽ ധനുഷിന്റെ വീട് പണി തീർത്തിരിക്കുന്നത്. 

Full View

ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വിമർശനങ്ങളെക്കുരിച്ചും താരം മനസുതുറക്കുന്നുണ്ട്. ‘ഇത്രയും സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആദ്യ പടം ചെയ്ത് കഴിഞ്ഞ് ഓടിപ്പോകാം എന്നുവിചാരിച്ചാണ് വന്നത്. ആദ്യമായി അഭിനയിക്കുന്നത് 2000ത്തിലാണ്. ആ സിനിമ റിലീസ് ചെയ്യുന്നത് 2002ലും. 22 വർഷമായി. അതിനിടെ എന്തൊക്കെ സംഭവിച്ചു. എനിക്കെതിരെ പല തരത്തിലുള്ള വിമർശനങ്ങളും ഗോസിപ്പുകളുമുണ്ടായി. എല്ലാം താണ്ടി ഇവിടെ വരെ എത്തണമെങ്കിൽ അതിനു കാരണം നിങ്ങളുടെ ഈ ശബ്ദമാണ്'

'മെലിഞ്ഞ് കറുത്തിട്ട് വലിയ സൗന്ദര്യമോ കഴിവോ ഇല്ലാതെയാണ് ഞാന്‍ വരുന്നത്. എന്നെ നിങ്ങളുമായി ബന്ധിപ്പിക്കുന്ന ഘടകമെന്താണെന്ന് എനിക്കറിയില്ല. നന്നായി ഇംഗ്ലിഷ് പോലും സംസാരിക്കാനറിയാത്ത എന്നെ ഇംഗ്ലിഷ് പടത്തിൽ അഭിനയിപ്പിക്കാൻ കാരണക്കാരും നിങ്ങൾ തന്നെയാണ്. അമ്പതാം സിനിമയിലെത്തുമ്പോള്‍ നിങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചു. 'രായൻ' ഞാൻ തന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇത് നിങ്ങൾക്കു വേണ്ടിയുള്ള ഡെഡിക്കേഷനാണ്'- ധനുഷ് പറയുന്നു. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News