സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനഃപൂര്‍വം ഒഴിവാക്കിയതാണ്; തുറന്നു പറഞ്ഞ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി
ആളുകളെ കോണ്ടാക്ട് ചെയ്യലോ വിളിക്കലോ ഒന്നും എന്റെ ഭാഗത്തു നിന്നുമുണ്ടാകാറില്ല
സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.വേഷത്തിനായി ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും തനിക്ക് പരാതിയില്ലെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ താരം പറഞ്ഞു.
ധര്‍മ്മജന്‍റെ വാക്കുകള്‍
''എന്നെ മനഃപൂര്‍വം ഒഴിവാക്കിയതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കൊറോണയുടെ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നല്ലോ. പിന്നെ ഞാന്‍ സിനിമയ്ക്ക് വേണ്ടി വിളിക്കലൊന്നുമില്ല. ആളുകളെ കോണ്ടാക്ട് ചെയ്യലോ വിളിക്കലോ ഒന്നും എന്റെ ഭാഗത്തു നിന്നുമുണ്ടാകാറില്ല. സിനിമയെ പറ്റി അന്വേഷിക്കുകയോ തിരക്കഥൃത്തുകളെ വിളിച്ച് വേഷം തരുമോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. അതിന്റെയൊക്കെയായിരിക്കും''. ജീവിതത്തില്‍ ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല. എങ്ങനെയാണ് വരുന്നതെന്ന് അറിയില്ല. ഭയങ്കര ആവശ്യക്കാരനാണെങ്കില്‍ മാത്രമേ നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുകയുള്ളൂ. നമ്മള്‍ പക്ഷെ അത്ര ആവശ്യമുള്ളയാളല്ല. പകരക്കാരുള്ള മേഖലയായി മാറിയല്ലോ സിനിമ. പണ്ട് അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. എനിക്കതില്‍ പരാതിയുമില്ല...ധര്‍മ്മജന്‍ പറയുന്നു.
നാട്ടിന്‍പുറത്ത് ജീവിച്ച് വളര്‍ന്നതാണ്. മിമിക്രി, കാസറ്റ്, ഷോ എഴുത്ത്, ടിവി അങ്ങനെയാണല്ലോ വന്നത്. പെട്ടെന്ന് വന്നതല്ല, പടി പടിയായി വന്നതാണ്. പെട്ടെന്ന് പൊട്ടി മുളച്ച ആളല്ല. പതുക്കെ പതുക്കെ കഷ്ടപ്പട്ടാണ് വന്നത്. സിനിമയിലും ചാന്‍സ് ചോദിച്ചിട്ടില്ല. ദിലീപേട്ടനായിട്ടാണ് കൊണ്ടു വന്നതായിരുന്നു. മിമിക്രിയിലും ഒരിടത്തും ചാന്‍സ് ചോദിക്കേണ്ടി വന്നിട്ടില്ല. എഴുത്തായിരുന്നു മേഖല. ഒരു ഘട്ടത്തില്‍ അഭിനയത്തിലേക്ക് വഴുതി വീണതാണെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
എന്നാല്‍ താന്‍ ഇനി മുതല്‍ ചാന്‍സ് ചോദിക്കുമെന്നും നല്ല വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണതെന്നും ധര്‍മ്മജന്‍ പറയുന്നു. ഇനി ചോദിക്കണം എന്ന് ആഗ്രഹമുണ്ട്. ഇനി ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്. ജയനൊക്കെ ഇപ്പോഴും ചാന്‍സ് ചോദിക്കും. നല്ല വേഷങ്ങള്‍ കിട്ടാന്‍ അവനൊക്കെ ഇപ്പോഴും ചോദിക്കും. എന്‍റെ ക്യാരക്ടറിന്‍റെ പ്രശ്‌നമാകും. ചോദിച്ചിട്ടില്ല. പക്ഷെ ഇനി ചോദിക്കണം, നല്ല വേഷം കിട്ടുമോ? ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.