അമിതാഭ് ബച്ചനെ പ്രധാന കഥാപാത്രമാക്കി ഹിന്ദിയിൽ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: സംവിധായകൻ പുരി ജഗന്നാഥ്
അമിതാഭ് ബച്ചൻ തന്റെ ബാല്യകാല നായകനായിരുന്നുവെന്നും പുരി ജഗന്നാഥ്
മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ പ്രധാന കഥാപാത്രമാക്കി ഹിന്ദിയിൽ സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകൻ പുരി ജഗന്നാഥ്. എന്നാൽ ദക്ഷിണേന്ത്യൻ സിനിമയോടുളള പ്രതിബദ്ധത തന്നെ അതിന് അനുവദിച്ചില്ല. അമിതാഭ് ബച്ചൻ തന്റെ ബാല്യകാല നായകനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് ദേവരകോണ്ട നായകനായെത്തിയ ലൈഗർ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് പുരി ജഗന്നാഥിന്റെ പരാമർശം.
കുറച്ചു കാലമായി ഹിന്ദിയിൽ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇനി പാൻ ഇന്ത്യൻ സിനിമകൾ മാത്രമേ ചെയ്യൂ എന്നും പുരി ജഗന്നാഥ് പറഞ്ഞു. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനുമായി ഒരു ആക്ഷൻ ചിത്രത്തിന്റെ ചർച്ചയിലാണെന്ന് ജഗന്നാഥ് മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. പ്രഭുദേവയുടെ 2006 ലെ തെലുങ്ക് ചിത്രമായ പോക്കിരിയുടെ ഹിന്ദി റീമേക്കായ 2008 ലെ വാണ്ടഡ് എന്ന സിനിമയിൽ ഖാൻ അഭിനയിക്കുകയുമുണ്ടായി.
''ഞാൻ സൽമാനെ കണ്ടുമുട്ടിയിരുന്നു, ഒരുപക്ഷേ ഏഴോ എട്ടോ വർഷം മുമ്പായിരിക്കാം. അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. രാത്രി മുഴുവൻ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. നല്ല തിരക്കഥയുമായി വരൂ, നമുക്ക് സിനിമ പിടിക്കാമെന്ന് സൽമാൻ പറയുകയും ചെയ്തു.'' പുരി ജഗന്നാഥ് കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിൽ വിജയ് ദേവരകോണ്ട കിക്ക് ബോക്‌സറായാണ് എത്തുന്നത്.
ചിത്രത്തിൽ വിജയ് സംസാര വൈകല്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സാധാരണയായി താൻ ശക്തരായ കഥാപാത്രങ്ങളെയാണ് സൃഷ്ടിക്കാറുള്ളത്. വൈകല്യമുള്ള നായകനെ സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ വൈകല്യമുള്ള കഥാപാത്രത്തിന് ഒരു മാസ് പശ്ചാത്തലം നൽകിയാൽ സിനിമ കൂടുതൽ രസകരമാകുമെന്ന് തോന്നി. തായ്‌ലാൻഡിൽ നിന്ന് ഒരു മാസത്തോളം പരിശീലനം നേടിയ വിജയ് ദേവരകോണ്ടയെ ജഗന്നാഥ് പ്രശംസിക്കുകയും ചെയ്തു. ലൈഗർ ഒരു സാധാരണ ചിത്രമാണ്. വൈകല്യമുള്ളയാളുടെ ഉയർച്ചയാണ് ചിത്രം വരച്ചുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘട്ടന രംഗങ്ങളെക്കുറിച്ച് എനിക്ക് ആശങ്കയില്ല. വിജയ് എല്ലാം നന്നായി ചെയ്തു. ലൈഗറിൽ നായികയായി ആദ്യം തെരഞ്ഞെടുത്തിരുന്നത് ജാൻവി കപൂറിനെയായിരുന്നു. എന്നാൽ ചില ഷെഡ്യൂളിംഗ് പൊരുത്തക്കേടുകൾ കാരണം അവർക്ക് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. പിന്നീടാണ് അനന്യ പാണ്ഡെയെ നായികയായി തീരുമാനിച്ചതെന്നും സംവിധായകൻ വെളിപ്പെടുത്തി. ''ഞാൻ ശ്രീദേവിയുടെ വലിയ ആരാധകനാണ്, അതുകൊണ്ടാണ് ജാൻവിക്കൊപ്പം ഇത് ചെയ്യണമെന്ന് ആഗ്രഹിച്ചത്, എന്നെങ്കിലും ഞാൻ അവളോടൊപ്പം സിനിമ ചെയ്യും''. അദ്ദേഹം കൂട്ടിച്ചേർത്തു. അർജുൻ റെഡ്ഡി, ഗീത ഗോവിന്ദം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലെ താരമായ ദേവരകൊണ്ടയെ 2019 ലാണ് ലൈഗറിന്റെ തിരക്കഥയുമായി താൻ സമീപിച്ചതെന്നും ജഗന്നാഥ് പറഞ്ഞു. ലൈഗർ സംഭവിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.