പൊലീസുകാർക്കും വക്കീലന്മാർക്കും അറിയാത്ത വല്ല കഥയുമുണ്ടോ നാട്ടിൽ? നായാട്ടിന് സമാനമായ സംഭവം വെളിപ്പെടുത്തി സംവിധായകനും അഭിഭാഷകനുമായ സുകേഷ് റോയ്

എന്നാൽ ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് കേരള പോലീസിനെയും ഗവണ്മന്റിനെയും തലവേദനയിലാഴ്ത്തിയ വളരെ പ്രമാദമായ ഒരു സംഭവത്തിലേക്കും കേസിലേക്കുമാണ് മനസ്സ് സഞ്ചരിച്ചത്

Update: 2021-05-15 13:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച നായാട്ട് നെറ്റ്ഫ്ലിക്സില്‍ എത്തിയതോടെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഇരയാക്കപ്പെടുന്ന പൊലീസുകാരുടെ ജീവിതത്തിലൂടെയാണ് ചിത്രം പോകുന്നത്. ഇപ്പോള്‍ സംവിധായകനും ഹൈക്കോടതി അഭിഭാഷകനുമായ സുകേഷ് റോയ് ചിത്രത്തിലെ സംഭവങ്ങളോട് സാമ്യമുള്ള ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

സിസ്റ്റർ ജെസ്മിയുടെ വിവാദപരമായ 'അമേൻ'നെ ആസ്പദമാക്കി 'ദൈവം കാലു മാറുമ്പോൾ' എന്ന ഹ്രസ്വചിത്രം ഒരുക്കിയതും സുകേഷ് റോയ് ആണ്. പ്രശസ്ത സംവിധായകൻ വിജി തമ്പിക്കൊപ്പം പ്രവർത്തിച്ച സുകേഷ്, ടി വി ചാനൽ ഷോകളും ഡോക്യുമെന്‍റികളും പരസ്യ ചിത്രങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്.

സുകേഷ് റോയിയുടെ കുറിപ്പ്

നായാട്ട് എന്ന സിനിമ കാണുവാ നിടയായി. ഈ അടുത്തിടെ കാണുവാൻ കഴിഞ്ഞ സിനിമകളിൽ വെച്ച് ഏറ്റവും മികച്ച അവതരണരീതിയും ആവിഷ്കാരവും എന്ന് പറയാതെ വയ്യ.പൊളിറ്റിക്കൽ ഡ്രാമകളിൽ വേറിട്ടു നിൽക്കുന്ന ഒരു അനുഭവം ആ സിനിമ സമ്മാനിച്ചു. സിനിമയൊരുക്കിയ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിലിനും, തിരക്കഥാകൃത്തുമായ ഷാഹി കബീറിനും, പ്രധാന അഭിനേതാക്കൾക്കും അതിലുപരി പുതുമുഖങ്ങൾക്കും അഭിനന്ദനങ്ങൾ!യമ ഗിൽഗമേഷിനെയും ദിനീഷിനെയും എടുത്തു പറയാതെ നിവർത്തിയില്ല.

എന്നാൽ ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് കേരള പോലീസിനെയും ഗവണ്മന്റിനെയും തലവേദനയിലാഴ്ത്തിയ വളരെ പ്രമാദമായ ഒരു സംഭവത്തിലേക്കും കേസിലേക്കുമാണ് മനസ്സ് സഞ്ചരിച്ചത്. മുളന്തുരുത്തിയിൽ സൈക്കിൾ യാത്രക്കാരായ രണ്ടു ദളിത് കുട്ടികളെ നാലു പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാർ മുട്ടി മരണപെട്ട ഒരു അപകടം !പോലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനായി ഒട്ടേറെ വിപ്ലവങ്ങൾക്കും പ്രൊട്ടസ്റ്റ് മാർച്ചുകൾക്കും വഴിയൊരുക്കി ഈ സംഭവം!സിനിമാ തിരക്കഥക്കു യോഗ്യാംവണ്ണം അൽപസ്വൽപ്പ മാറ്റങ്ങൾ വരുത്തി ആസ്വാദന നിലവാരത്തിലേക്കു ഉയർത്താൻ ഒരു പക്ഷെ യഥാർത്ഥ ജീവിതത്തിലും

ഒരു പോലിസ് ഉദ്യോഗസ്ഥൻ ആയതു കൊണ്ടായിരിക്കാം തിരക്കഥാകൃത്തായ ഷാഹി കബീറിന് കഴിഞ്ഞത്. ഈ കേസിൽ കേരള ഹൈകോടതി പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കു മുൻ‌കൂർ ജാമ്യം നിഷേധിച്ചിരുന്നു.നാൽപതോളം ദിവസങ്ങൾ സിനിമയിൽ കാണുന്നതുപോലെ പോലീസ് വേട്ട ഭയന്ന് ഒളിവിൽ കഴിയേണ്ടി വന്നു ഈ പ്രതികൾക്ക്. ഒടുവിൽ, എന്റെ പ്രിയ സുഹൃത്തും, സഹപാഠിയും, സഹപ്രവർത്തകനും, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ Adv.Vinay Kumar പരമോന്നത കോടതിയിൽ നിന്നും പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നേടി കൊടുക്കുകയുണ്ടായി എന്നത് അഭിമാനകരം!വീണ്ടും ഒരു സംശയം ബാക്കി :' നായാട്ട് ' ഒരു യഥാർത്ഥ സംഭവത്തിന്റെ പ്രേരണയാൽ ജന്മം കൊണ്ട ഒന്നാണോ അതോ എന്റെ വെറും തോന്നലുകളോ? ആഹ്...കേസ് ഡയറികൾ പരിശോധിച്ചാൽ കുറഞ്ഞത് ഒരു പത്തു വർഷമെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഥകൾ ഇനിയുമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ!അല്ലെങ്കിലും പോലീസുകാർക്കും വക്കീലന്മാർക്കും അറിയാൻ പാടില്ലാത്ത വല്ല കഥകളുമുണ്ടോ ഇന്നാട്ടിൽ!

Full View



Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News