മതമൗലികവാദികളുടെ ഫണ്ട് വാങ്ങി സിനിമ നിര്‍മ്മിച്ചെന്ന ആരോപണം; എന്‍.ശശിധരന്‍ മാപ്പ് പറയണമെന്ന് ഫെഫ്ക
മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച ചിത്രത്തെ ആക്ഷേപിച്ചെന്ന് കാണിച്ച് സാംസ്കാരിക വകുപ്പ് മന്ത്രിക്കും ചലച്ചിത്ര അക്കാദമി ചെയർമാനും ഫെഫ്ക കത്തയച്ചു
ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗം എന്‍. ശശിധരനെതിരെ ഫെഫ്ക. മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച ചിത്രത്തെ ആക്ഷേപിച്ചെന്ന് കാണിച്ച് സാംസ്കാരിക വകുപ്പ് മന്ത്രിക്കും ചലച്ചിത്ര അക്കാദമി ചെയർമാനും ഫെഫ്ക കത്തയച്ചു. മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചെന്ന ശശിധരന്‍റെ ആരോപണത്തിലും ഫെഫ്ക അതൃപ്തി അറിയിച്ചു.
അവാര്‍ഡു ജേതാക്കളെ അടച്ചാക്ഷേപിക്കുന്ന വസ്തുതാരഹിതമായ പ്രസ്താവനകള്‍ അടിയന്തരമായി പിന്‍വലിച്ചു ശശിധരന്‍ മാപ്പു പറയണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. അവാര്‍ഡിന് സമര്‍പ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ മൗലികത സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങളും ചലച്ചിത്ര അക്കാദമി ഗൌരവമായ എടുക്കേണ്ടതുണ്ട്. അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളില്‍ അവാര്‍ഡ് സംബന്ധിച്ച വിവാദ പ്രസ്താവനകളോ വെളിപ്പെടുത്തലുകളോ നടത്തുന്നത് നിയന്ത്രിക്കുന്നതിനും കൃത്യമായ ഒരു സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച സിനിമയല്ലെന്നും മതമൗലിക വാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം നല്‍കുന്ന സിനിമയ്ക്കാണ് മികച്ച സംവിധായകനുളള പുരസ്‌കാരം നല്‍കിയതെന്നുമായിരുന്നു ശശിധരന്‍ പറഞ്ഞത്. സംഭവം വിവാദമായപ്പോള്‍ വിശദീകരണവുമായി ശശിധരന്‍ രംഗത്തെത്തിയിരുന്നു. അവാർഡ് നിർണയത്തിലെ പല ചർച്ചകളിലും സ്വാഭാവികമായി ഞാൻ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേർതിരിച്ചെടുത്ത് വാർത്തയാക്കുന്നതിനോട് യോജിപ്പില്ലെന്നും താന്‍ കൂടി ഭാഗമായ പുരസ്കാര നിർണയത്തിന് നൂറ് ശതമാനവും ഒപ്പമാണെന്നും ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.