സിനിമ മേഖലയും കേരളം വിടുന്നു; ചിത്രീകരണം അന്യസംസ്ഥാനങ്ങളില്‍
ഷൂട്ടിംഗുകള്‍ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു
സിനിമാ മേഖലയും സംസ്ഥാനം വിടുന്നു. 7 സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റി. ഷൂട്ടിംഗുകള്‍ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായെന്നും സിനിമക്ക് മാത്രം അനുവാദമില്ലെന്നും ഫെഫ്ക കുറ്റപ്പെടുത്തി.
ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തില്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോകുന്നത്. നിശ്ചിതയാളുകളെ വച്ച് ഇന്‍ഡോറില്‍ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ കേരളത്തിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് ജോലി കൊടുക്കാന്‍ സാധിക്കുകയില്ല. സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഷൂട്ടിംഗിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിനിമാരംഗത്ത് നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. മിനിമം 50 പേരെ പങ്കെടുപ്പിച്ചു കൊണ്ടെങ്കിലും ചിത്രീകരണം തുടങ്ങാൻ പറ്റുന്ന തരത്തിൽ സിനിമാ മേഖല തുറക്കുന്ന കാര്യം സർക്കാർ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സംവിധായിക വിധു വിന്‍സെന്‍റ് ആവശ്യപ്പെട്ടു. സിനിമക്കാര്‍ പട്ടിണിയിലാണെന്നും തിയറ്ററുകള്‍ തുറക്കണമെന്നും ഷൂട്ടിംഗുകള്‍ പുനരാരംഭിക്കണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ ആവശ്യപ്പെട്ടു.