പീഡന പരാതി; ലിജു കൃഷ്ണയെ പുറത്താക്കി ഫെഫ്കയുടെ നടപടി
ലിജു കൃഷ്ണ എടുത്ത താത്ക്കാലിക ഫെഫ്ക അംഗത്വം സംഘടന റദ്ദ് ചെയ്തു.
സംവിധായകൻ ലിജു കൃഷ്ണക്കെതിരെ നടപടിയുമായി സംവിധായകരുടെ സംഘടനായയ ഫെഫ്ക. ലിജു കൃഷ്ണ എടുത്ത താത്ക്കാലിക ഫെഫ്ക അംഗത്വം സംഘടന റദ്ദ് ചെയ്തു. ലൈംഗിക പീഡന പരാതിയിൽ ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഫെഫ്കയുടെ നടപടി. ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ഫെഫ്ക പ്രസിഡന്‍റ് രഞ്ജി പണിക്കർ പറഞ്ഞു.
അതേസമയംം തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് സംവിധായകൻ ലിജു പറഞ്ഞു. പരാതി നിയമപരമായി നേരിടുമെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ലിജു വ്യക്തമാക്കി. ലിജുവിനെ പൊലീസ് കാക്കനാട് കോടതിയിൽ ഹാജരാക്കി. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ ലിജു തന്നെ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് ലിജു കൃഷ്ണനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്‌നും ലിജു കൃഷണയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇയാൾ നിർമിച്ച നാടകം സണ്ണി വെയ്ൻ ആയിരുന്നു സംവിധാനം ചെയ്തത്.കണ്ണൂരിലാണ് പടവെട്ടിന്റെ പ്രധാന ലൊക്കേഷൻ. ഇവിടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇതേതുടർന്ന് തുടർചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്