'ഞങ്ങള്‍ അമര്‍ അക്ബര്‍ ആന്‍റണി': വികാരം വ്രണപ്പെടുത്താനല്ല സന്തോഷിപ്പിക്കാനാണ് സിനിമ ചെയ്യുന്നതെന്ന് ഷാരൂഖ്
'ഈ നാല് ദിവസങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന നാല് വർഷങ്ങൾ മറന്നു'
മുംബൈ: ആരുടെയും വികാരം വ്രണപ്പെടുത്താനല്ല, സന്തോഷവും സ്നേഹവും പരത്താനാണ് സിനിമ ചെയ്യുന്നതെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. പഠാന്‍റെ വന്‍വിജയത്തിന് പ്രേക്ഷകരോട് നന്ദി പറയാനും മാധ്യമപ്രവര്‍ത്തകരോട് സംവദിക്കാനും എത്തിയപ്പോഴാണ് ഷാരൂഖിന്‍റെ പ്രതികരണം. പഠാനില്‍ ഷാരൂഖിനൊപ്പം മുഖ്യ കഥാപാത്രങ്ങളായി എത്തിയ ദീപിക പദുകോണും ജോണ്‍ എബ്രഹാമും കൂടെയുണ്ടായിരുന്നു.
ദീപിക പദുകോണിനെയും ജോൺ എബ്രഹാമിനെയും ചേർത്തുപിടിച്ച് ഷാരൂഖ് പറഞ്ഞതിങ്ങനെ- "ഞങ്ങള്‍ അമർ അക്ബർ ആന്‍റണിമാരാണ്. ഇത് ദീപിക- അമര്‍. ഞാന്‍ ഷാരൂഖ് ഖാന്‍- അക്ബര്‍. ഇത് ജോണ്‍- ആന്‍റണി. ഇതാണ് സിനിമ. ഇവിടെ ആർക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഞങ്ങള്‍ പ്രേക്ഷകരുടെ സ്നേഹത്തിനായി കൊതിക്കുന്നു. ഈ കോടികളൊന്നും പ്രധാനമല്ല. നമുക്ക് ലഭിക്കുന്ന സ്നേഹം- അതിലും വലുതായി ഒന്നുമില്ല"- 1977ല്‍ പുറത്തിറങ്ങിയ അമർ അക്ബർ ആന്‍റണിയിലെ കഥാപാത്രങ്ങളോടാണ് ഷാരൂഖ് തന്നെയും സഹതാരങ്ങളെയും താരതമ്യം ചെയ്തത്.
സ്നേഹവും സാഹോദര്യവും പരത്താനാണ് സിനിമ ചെയ്യുന്നതെന്ന് ഷാരൂഖ് പറഞ്ഞു- "സത്യം പറഞ്ഞാൽ, സിനിമകൾ നിർമിക്കുമ്പോൾ, അത് വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ ആവട്ടെ, സന്തോഷം, സാഹോദര്യം, സ്നേഹം, ദയ എന്നിവ പരത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡാറിൽ ഞാന്‍ മോശം കഥാപാത്രമായി എത്തിയതുകൊണ്ടോ ഈ ചിത്രത്തിൽ ജോൺ മോശം കഥാപാത്രമായി അഭിനയിക്കുന്നതുകൊണ്ടോ ഞങ്ങളാരും മോശമാവുന്നില്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതൊന്നും ഒരു വികാരവും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. സിനിമ വിനോദത്തിനായാണ്"- ഷാരൂഖ് വിശദീകരിച്ചു.
തന്റെ ബാൽക്കണിയിൽ നിന്ന് ആരാധകരെ കാണുമ്പോള്‍ ധൈര്യം തോന്നുന്നുവെന്നും അവരാണ് തന്റെ സുരക്ഷിത ഇടമെന്നും ഷാരൂഖ് പറഞ്ഞു- "പഠാന്‍ കോവിഡ് സമയത്താണ് ചിത്രീകരിച്ചത്. ചില കാരണങ്ങളാൽ മാധ്യമങ്ങളെ കാണാൻ കഴിഞ്ഞില്ല. പക്ഷേ മാധ്യമങ്ങളും സോഷ്യൽ മീഡിയയും എല്ലാവരും സിനിമയോട് സ്നേഹം പ്രകടിപ്പിച്ചു".
ഈ നാല് ദിവസങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്ന് വിട്ടുനിന്ന നാല് വര്‍ഷങ്ങള്‍ താന്‍ മറന്നുവെന്നും ഷാരൂഖ് പറഞ്ഞു- "എന്‍റെ നാല് വർഷങ്ങള്‍. ഞാൻ ജോലി ചെയ്തില്ല. ഞാനെന്റെ കുട്ടികളോടൊപ്പമായിരുന്നു. അവർ വളരുന്നത് ഞാൻ കണ്ടു". 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിലെത്തിയത് പഠാനിലൂടെയാണ്. അതിനിടെ കാമിയോ റോളില്‍ മാത്രമാണ് ഷാരൂഖ് സ്ക്രീനിലെത്തിയത്.
Summary- when we make films we aim to spread happiness, brotherhood, love, kindness Shah Rukh Khan says