ടൊവിനോ ചിത്രം 'അജയന്‍റെ രണ്ടാം മോഷണം' സെറ്റില്‍ തീപിടിത്തം
കാസര്‍കോട് ചീമേനിയിലെ ലൊക്കേഷനിലാണ് തീപിടിത്തമുണ്ടായത്.
ടോവിനോ തോമസ് നായകനാവുന്ന 'അജയന്‍റെ രണ്ടാം മോഷണം' സിനിമയുടെ സെറ്റില്‍ തീപിടിത്തം. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന സിനിമയാണിത്. കാസര്‍കോട് ചീമേനിയിലെ ലൊക്കേഷനിലാണ് തീപിടിത്തമുണ്ടായത്.
സെറ്റ് തീപിടിത്തത്തില്‍ നശിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രീകരണം ആരംഭിച്ച് 112 ദിവസമായപ്പോഴാണ് സംഭവം. തീ ഉടന്‍ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. 10 ദിവസം കൊണ്ട് ഷൂട്ടിങ് അവസാനിക്കാനിരിക്കെയാണ് അപകടം.
ത്രീഡി ചിത്രമായ അജയന്റെ രണ്ടാം മോഷണം അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തും. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്‍റെ സംവിധായകൻ. സക്കറിയ തോമസും ലിസ്റ്റിൻ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.
ഏറ്റവും മികച്ച അനുഭവം പകർന്നു തന്ന ഷൂട്ടിങ് കാലം പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞ പഠനക്കളരി കൂടിയായിരുന്നുവെന്ന് ടൊവിനോ നേരത്തെ പറയുകയുണ്ടായി. കാസർകോട്ടെ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഈ ചിത്രം വിജയകരമായി ചെയ്യാന്‍ കഴിഞ്ഞത്. 2017 മുതൽ ആവേശം നല്‍കിയ കഥയായിരുന്നു അജയന്റെ രണ്ടാം മോഷണം. സ്വപ്നങ്ങളിൽ സംഭവിക്കുന്നത് പോലെ പ്രതീക്ഷിച്ച രീതിയിൽ സിനിമ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടെന്നും ടൊവിനോ പറയുകയുണ്ടായി. ടൊവിനോയുടെ കഥാപാത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞതിനു പിന്നാലെയായിരുന്നു പ്രതികരണം. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.