ഓണത്തിന് 'ഗോള്ഡില്ല'
ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്‍ഫോന്‍സ് പുത്രന് ചിത്രം 'ഗോള്‍ഡ്' ഓണത്തിനെത്തില്ല. ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക. സംവിധായകന് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും അതുകൊണ്ടാണ് റിലീസ് നീട്ടിയതെന്നും അല്‍ഫോണ്‍സ് പുത്രന് അറിയിച്ചു. ''ഞങ്ങളുടെ ഭാഗത്തു നിന്നുള്ള ജോലി വൈകിയതിനാൽ 'ഗോൾഡ്' ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമേ റിലീസ് ചെയ്യൂ. കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'' അല്‍ഫോന്‍സ് കുറിച്ചു.
ചിത്രം വൈകുന്നതില്‍ നിരവധി ആരാധകരാണ് നിരാശ പ്രകടിപ്പിച്ചത്. ഓണത്തിന് കാണാന്‍ ഇരുന്ന പടം ആയിരുന്നുവെന്നും പാട്ടെങ്കിലും റിലീസ് ചെയ്യാമോ എന്നും ആ പാട്ടും വച്ച് പിള്ളേര് ഓണം കളറാക്കട്ടെ എന്നും ആരാധകര്‍ കമന്റ് ചെയ്തു. എന്നാല്‍ എപ്പോള്‍ വന്നാലും ചിത്രം കാണുമെന്നും ചിലര്‍ പ്രതികരിച്ചു. വരുന്ന നേരത്തിൽ അല്ലല്ലോ, കിട്ടുന്ന ഗോൾഡിൽ ആണല്ലോ കാര്യം. കാത്തിരിക്കാം...എന്നായിരുന്നു ചിലരുടെ കമന്റ്.
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ഗോള്‍ഡ് ഓണം റിലീസായി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംവിധായകന്റെ അറിയിപ്പ് വന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്താരയുമെത്തുന്നു. അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന് മാത്യു, മല്ലിക സുകുമാരന്‍,ദീപ്തി സതി,ബാബുരാജ്, ലാലു അലക്സ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.