ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച: സ്ത്രീകളെ ഉൾപ്പെടുത്താതെ അമ്മ, പങ്കെടുക്കുന്നത് സിദ്ദിഖും ഇടവേളയും മണിയൻപിളള രാജുവും
അമ്മയ്ക്ക് പുറമെ മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിങ്ങനെ ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി സാംസ്‌കാരിക വകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്. ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളെയും ക്ഷണിച്ച യോഗത്തിൽ താരസംഘടനയായ അമ്മയിൽ നിന്ന് പങ്കെടുക്കുന്നവരിൽ ഒരു വനിതാ പ്രതിനിധി പോലുമില്ല. താരസംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയൻപിളള രാജു, ട്രഷറർ സിദ്ദിഖ് എന്നിവരാണ് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത്.
അമ്മയുടെ വൈസ് പ്രസിഡന്റായ ശ്വേതാ മേനോൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലെന, മഞ്ജുപിളള, സുരഭി ലക്ഷ്മി, രചന നാരായണൻകുട്ടി എന്നിങ്ങനെ അഞ്ച് വനിതകൾ ഉണ്ടായിട്ടും സ്ത്രീകളുടെ വിഷയം ചർച്ച ചെയ്യുന്ന യോഗത്തിലേക്ക് അമ്മയിലെ ആണുങ്ങൾ മാത്രമാണ് എത്തിച്ചേരുക. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയവരാണ് ഇതിൽ ഇടവേള ബാബുവും സിദ്ദിഖും.
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുളള ബലാത്സംഗ പരാതിയിലും ഈ മൂവർ സംഘം സംഘടനയ്ക്കുളളിൽ പ്രതിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്ന ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ഐ.സി.സി) ശുപാർശ ഇവർ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിഗണിച്ചിരുന്നില്ല. തുടർന്നാണ് ഐ.സി.സി അംഗമായ മാലാ പാർവതി ആദ്യം രാജിവെക്കുന്നത്. പിന്നാലെ അഞ്ചംഗ സമിതിയിൽ നിന്ന് ഐ.സി.സി ചെയർപേഴ്‌സൺ ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവരും രാജിവെച്ചിരുന്നു.
അമ്മയ്ക്ക് പുറമെ മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിങ്ങനെ ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിച്ച ഡബ്ല്യുസിസി അടക്കമുളളവരുടെ ആവശ്യം പരിഗണിച്ചാണ് ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. താരങ്ങളും നിർമ്മാതാക്കളും എല്ലാം അടങ്ങുന്ന 15 അംഗ മാഫിയ സംഘം സിനിമക്കുളളിൽ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി അന്വേഷണത്തിൽ കണ്ടെത്തിയത്.
ചലച്ചിത്ര മേഖലയിലെ നിരവധി സ്ത്രീകളിൽ നിന്നടക്കം മൊഴി രേഖപ്പെടുത്തി രണ്ടുവർഷം മുമ്പ് സർക്കാരിന് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും ഇതുവരെ സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഡബ്ല്യുസിസിയുടെ നിരന്തര വിമർശനങ്ങളും ചലച്ചിത്ര മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തുകയാണ്. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് തങ്ങൾ ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശത്തിനെതിരെ ഡബ്ല്യുസിസി അംഗങ്ങൾ യോഗത്തിൽ പ്രതിഷേധം അറിയിച്ചേക്കും.