''ഡൽഹിയിലും കേരളത്തിലും വന്നിട്ടുണ്ട്; ഞാൻ എവിടെയും ഫാസിസ്റ്റ് വിരുദ്ധൻ''-സംഘ്പരിവാർ ആക്രമണത്തില്‍ ഹോളിവുഡ് താരം ജോൺ കുസാക്ക്

''ഇന്ത്യയിൽ ഒരു പാർലമെന്റ് അംഗം സമാധാനയാത്ര നടത്തുന്നുവെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. സമാധാനം എന്നു പറയുന്നതും നിയമവിരുദ്ധമാണോ!?''

Update: 2022-09-26 16:07 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെ നടക്കുന്ന സംഘ്പരിവാർ സൈബർ ആക്രമണങ്ങൾക്കു മറുപടിയുമായി ഹോളിവുഡ് താരം ജോൺ കുസാക്ക്. ഇന്ത്യയിൽ ഒരു നേതാവ് സമാധാനയാത്ര നടത്തുന്നുവെന്നാണ് ഞാൻ പറഞ്ഞത്. അതു നിയമവിരുദ്ധമാണോ? താൻ എവിടെയും ഫാസിസ്റ്റ് വിരുദ്ധനാണെന്നും താരം വ്യക്തമാക്കി.

ട്വിറ്ററിലൂടെ തന്നെയാണ് സൈബർ ആക്രമണത്തോട് താരം നിരന്തരം പ്രതികരിക്കുന്നത്. ശനിയാഴ്ചയാണ് ഭാരത് ജോഡോ യാത്രയെക്കുറിച്ച് കുസാക്ക് ആദ്യമായി ട്വീറ്റ് ചെയ്യുന്നത്. 'ഇന്ത്യൻ പാർലമെന്റ് അംഗം രാഹുൽ ഗാന്ധി കേരളത്തിൽനിന്ന് കശ്മീരിലേക്ക് നടക്കുന്നു' എന്നു മാത്രമായിരുന്നു ട്വീറ്റ്. കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇത് റീട്വീറ്റും ചെയ്തു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ ട്വിറ്ററിലടക്കം സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ രംഗത്തെത്തുന്നത്.

എന്നാൽ, ആദ്യത്തെ ട്വീറ്റിന് കൂടുതൽ വിശദീകരണവുമായി വന്ന് സംഘ്പരിവാർ ഹാൻഡിലുകൾക്ക് വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ് ജോൺ കുസാക്ക് ചെയ്തത്. ഇനി ഇന്ത്യൻ വലതുപക്ഷം താങ്കൾക്കെതിരെ പെയ്ഡ് ട്രോളുകളുമായി ആക്രമണം അഴിച്ചുവിടുമെന്നും താങ്കളെ ഇന്ത്യ വിരുദ്ധനാക്കുകയും ചെയ്യുമെന്ന ഒരു ട്വീറ്റിനോട് പ്രതികരിച്ച് അവർ എപ്പോഴോ തുടങ്ങിക്കഴിഞ്ഞെന്നു കുറിച്ചു കുസാക്ക്. അരുന്ധതി റോയിക്കൊപ്പം പുസ്തകം എഴുതിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

എവിടെയും താൻ ഫാസിസ്റ്റ് വിരുദ്ധനാണെന്നും താരം വ്യക്തമാക്കി. ആരോടും പ്രത്യേക മമത കാണിക്കില്ലെന്നും അദ്ദേഹം കുറിച്ചു. തുടർന്ന് യാത്രയെക്കുറിച്ചുള്ള ട്വീറ്റിനെക്കുറിച്ച് താരം ഇങ്ങനെ വിശദീകരിച്ചു: ''ഞാനൊരു സത്യം ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇന്ത്യയിലെ ഒരു നേതാവ് ഒരു സമാധാന മാർച്ച് നടത്തുന്നുവെന്ന് ട്വീറ്റ് ചെയ്യുകയാണ് ഞാൻ ചെയ്തതെന്ന് തോന്നുന്നു. സമാധാനം എന്നു പറയുന്നതു പോലും നിയമിരുദ്ധമാണോ!''

എന്നാൽ, ഇത്തരം യാത്രകൾക്കു പിന്നിലുള്ള താൽപര്യം അറിയാൻ താങ്കൾ ഇന്ത്യയിൽ വരണമെന്നും ഇവിടത്തെ കാര്യങ്ങളിൽ താൽപര്യം കാണിക്കുന്നതിൽ നന്ദിയുണ്ടെന്നും കുറിച്ച് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തയാൾക്കും വായടപ്പിക്കുന്ന മറുപടി നൽകി ജോൺ കുസാക്ക്. ന്യൂഡൽഹിയിലും പഴയ ന്യൂഡൽഹിയിലും കേരളത്തിലുമെല്ലാം പലതവണ വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹോളിവുഡിൽ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ജോൺ കുസാക്ക്. സെറെൻഡിപിറ്റി, കോൺ എയർ, 2012, ഹൈ ഫിഡലിറ്റി എന്നിവയാണ് അദ്ദേഹത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളിൽ നിരന്തരം പ്രതികരിക്കുന്ന കുസാക്ക് അരുന്ധതി റോയ്‌ക്കൊപ്പം പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. 2016ലാണ് ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരമായ Things that Can and Cannot be Said ഇരുവരും ചേർന്ന് രചിക്കുന്നത്.

Summary: Hollywood Actor John Cusack responds to cyber attack for supproting Rahul Gandhi's Bharat Jodo Yatra

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News