'എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും, ജാമ്യം എടുത്തിട്ട് വരാം മക്കളേ'; എക്സൈസ് കേസില്‍ ഒമര്‍ ലുലു
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് എക്സൈസ് 'നല്ല സമയം' സിനിമയുടെ ട്രെയിലറിനെതിരെ കേസെടുത്തത്
കോഴിക്കോട്: 'നല്ല സമയം' സിനിമയുടെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. തന്‍റെ 'നല്ല സമയം' യൂത്ത് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഒമര്‍ പറഞ്ഞു. 'ഇനി എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും, ജാമ്യം എടുത്തിട്ട് വരാം മക്കളെ' എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് എക്സൈസ് 'നല്ല സമയം' സിനിമയുടെ ട്രെയിലറിനെതിരെ കേസെടുത്തത്. എക്സൈസ് കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറിലുണ്ട് എന്നായിരുന്നു പരാതി. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന 'നല്ല സമയ'ത്തില്‍ ഇര്‍ഷാദ് അലിയാണ് നായകന്‍. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിച്ച ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവഹിച്ചത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെ.ജി.സി സിനിമാസിന്‍റെ ബാനറിൽ കലന്തൂർ ആണ് നിര്‍മാണം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.