'നാറിയ ഭരണം, കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്'; രൂക്ഷ വിമർശനവുമായി ജഗതിയുടെ മകൾ
''മൊത്തം അഴിമതിയാ നാട്ടിൽ നടക്കുന്നത്. അവിടെയും ഇവിടേയും കാമറ പിടിപ്പിച്ചതിൽ കോടികളുടെ അഴിമതിയാണ് നടന്നത് എന്നാണ് കേട്ടത്. എന്തൊരു നാറിയ ഭരണമാണിത്''- പാർവതി ഷോൺ
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി ജഗതിയുടെ മകളും ജനപക്ഷം നേതാവ് പി.സി ജോർജിന്റെ മരുമകളുമായ പാർവതി ഷോൺ. സംസ്ഥാനത്ത് നാറിയ ഭരണമാണ് നടക്കുന്നതെന്നും കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ് നല്ലതെന്നും പാർവതി ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് അവരുടെ പ്രതികരണം.
മുഖ്യമന്ത്രിക്ക് ചുറ്റും നടക്കുന്ന അഴിമതിയെക്കുറിച്ച് ഒന്നും പറയാനില്ലേയെന്നും അദ്ദേഹം ഇങ്ങനെയൊക്കെ ആകാമോ എന്നും പാർവതി ചോദിച്ചു.
പാർവതി ഷോണിന്റെ വാക്കുകൾ ഇങ്ങനെ:
നിങ്ങൾ എല്ലാവരേയും പോലെ മലപ്പുറം താനൂരിലെ അപകട വാർത്ത കേട്ട് ഞാനും ഞെട്ടി. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻ പോലും വയ്യ. ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കും എന്നു മാത്രം വായിച്ചു. ഭയങ്കര കേമമാണ്. രണ്ട് ലക്ഷം രൂപയേ ഒള്ളോ കൊടുക്കാൻ. എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വിലവരില്ല. മൊത്തം അഴിമതിയാ നാട്ടിൽ നടക്കുന്നത്. അവിടെയും ഇവിടേയും കാമറ പിടിപ്പിച്ചതിൽ കോടികളുടെ അഴിമതിയാണ് നടന്നത് എന്നാണ് കേട്ടത്. എന്തൊരു നാറിയ ഭരണമാണിത്. മുഖ്യമന്ത്രി അവർകൾക്ക് ഒന്നും പറയാനില്ലേ ഇതിനെപ്പെറ്റി. ആ മനുഷ്യനു ചുറ്റും നടക്കുന്ന അഴിമതിയെക്കുറിച്ച് ഒന്നും പറയാനില്ലേ. അദ്ദേഹത്തിന് ഇതിലൊന്നും ഒരു താൽപ്പര്യവുമില്ല. ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ? ടൂറിസം നടക്കുന്ന സ്ഥലങ്ങളിൽ കുറച്ച് പൈസ നിക്ഷേപിച്ച് കുറച്ച് സുരക്ഷിതത്വത്തോടെ നടത്തിക്കൂടെ. അഴിമതി കാണിച്ച് തിന്നുമുടിക്കുകയാണ്. ആർക്കാണ് ഇത് ഗുണം ചെയ്യുന്നത്. കഷ്ടം തോന്നുന്നു. ശരിക്ക് സങ്കടം വന്നു. അഴിമതി മാത്രമുള്ളൂ ചുറ്റും. നാറിയ ഭരണം. കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചത്തേക്കുന്നതാ.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സംസ്ഥാന സർക്കാരും രണ്ട് ലക്ഷം രൂപ കേന്ദ്രസർക്കാരും ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും താനൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ബോട്ടപകടത്തിൽ 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിൽ 15 പേരും കുട്ടികളാണ്.