മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് 'ജന ഗണ മന': സന്ദീപ് വാര്യർ
''വിഷമിച്ചിട്ട് എന്തുകാര്യം... മലയാളത്തിലെ എത്ര നിർമാതാക്കൾ പണമിറക്കാൻ തയാറാണ്? നമ്മുടെ നിർമാതാക്കളുടെ കൈയിൽ പണമില്ല. നമ്മുടെ ഇടയിൽ സംരംഭകരില്ല.''-സന്ദീപ് വാര്യർ
കൊച്ചി: കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയ്ക്ക് 'ജന ഗണ മന' എന്ന പേരിൽ ദേശവിരുദ്ധ സിനിമയിറക്കാൻ കഴിയുന്ന സാഹചര്യം ഇവിടെയുണ്ടെന്നും സന്ദീപ്.
അനന്തപുരി ഹിന്ദുമഹാസഭാ സമ്മേളനത്തിലാണ് പരാമർശം. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 'ജന ഗണ മന'. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇത് ദേശവിരുദ്ധ സിനിമയാണെന്നാണ് സന്ദീപ് വാര്യറുടെ വിമർശനം.
''കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസവും പ്രശ്‌നവുമുണ്ട്. മലയാള സിനിമാ മേഖലയിൽ ഒരുപാട് സുഹൃത്തുക്കളുള്ള ആളാണ് ഞാൻ. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമാതാക്കൾ പണമിറക്കാൻ തയാറാണ്? നമ്മുടെ നിർമാതാക്കളുടെ കൈയിൽ പണമില്ല. നമ്മുടെ ഇടയിൽ സംരംഭകരില്ല.'' പ്രസംഗത്തിൽ സന്ദീപ് വാര്യർ.
അതേസമയം, അപ്പുറത്ത് അനധികൃതമായും അല്ലാതെയും വരുന്ന കോടികൾ കുമിഞ്ഞുകൂടുകയാണെന്നും പ്രസംഗത്തിൽ ആരോപിച്ചു. മട്ടാഞ്ചേരി മാഫിയയ്ക്ക് 'ജന ഗണ മന' എന്ന പേരിൽ ദേശവിരുദ്ധ സിനിമ ഇറക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ട്. നമ്മളും സംരംഭകരാകുകയാണ് ഇതു തടയാനുള്ള വഴിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതിനിടെ, 'ജന ഗണ മന' 50 കോടി ക്ലബിലേക്ക് കടക്കുകയാണ്. ഇതിനകം തന്നെ 48.6 കോടി രൂപയാണ് ചിത്രം വാരിയത്. ക്വീൻ എന്ന ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു 'ജന ഗണ മന'. ഷാരിസ് മുഹമ്മദ് ആണ് രചന. കാമറ സുദീപ് ഇളമണും സംഗീതം ജെക്‌സ് ബിജോയിയുമാണ് നിർവഹിച്ചത്.
Summary: 'Jana Gana Mana' is an anti-national movie created by Mattancherry Mafia, alleges BJP leader Sandeep G Varier