ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്; പ്രദീപിന്‍റെ ഈ ഹിറ്റ് ഡയലോഗ് കേള്‍ക്കാത്തവരുണ്ടോ....
സ്വന്തമായ ശൈലി കൊണ്ട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായി മാറി.
സിനിമയില്‍ ആരെയും അനുകരിച്ചില്ല കോട്ടയം പ്രദീപ്.. സ്വന്തമായ ശൈലി കൊണ്ട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായി മാറി. ആദ്യകാലത്ത് ചിലര്‍ക്ക് പേരു കേട്ടാല്‍ മനസിലായില്ലെങ്കിലും ചില ഡയലോഗുകള്‍ കേട്ടാല്‍ പെട്ടെന്ന് ആളെ പിടികിട്ടും. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 'വിണ്ണൈത്താണ്ടി വരുവായാ' എന്ന ചിത്രത്തിലെ 'ഫിഷുണ്ട്... മട്ടനുണ്ട്... ചിക്കനുണ്ട്....കഴിച്ചോളൂ, കഴിച്ചോളൂ...'എന്ന ഡയലോഗ്.
ചിത്രത്തില്‍ തൃഷയുടെ അമ്മാവനായിട്ടാണ് പ്രദീപ് അഭിനയിച്ചത്. വീട്ടിലെത്തിയ നായകന്‍ ചിമ്പുവിനോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പറയുന്ന ഡയലോഗ് കേറി ഹിറ്റാവുകയായിരുന്നു. പിന്നെ മലയാളി എല്ലാത്തിനും ഈ ഡയലോഗ് പല രൂപത്തില്‍ നിത്യജീവിതത്തില്‍ ഉപയോഗിച്ചു. ഇതേ ഡയലോഗ് തന്നെയാണ് സിനിമയുടെ ഹിന്ദി,തെലുങ്ക് പതിപ്പുകളിലും പറഞ്ഞത്. സംവിധായകന്‍ ഗൗതം മേനോന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ ഒഴുക്കന്‍മട്ടില്‍ ഈ ഡയലോഗ് പറഞ്ഞതെന്ന് പ്രദീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രദീപ് തന്നെ പല സിനിമകളിലും ഈ ഡയലോഗ് പല തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇനി താനീ ഡയലോഗ് ചെയ്യില്ലെന്നും ആളുകള്‍ക്ക് മടുക്കില്ലേ എന്നും പ്രദീപ് പറഞ്ഞിരുന്നു.
നാടകരംഗത്ത് 40 വർഷത്തിലേറെക്കാലത്തെ അനുഭവസമ്പത്ത് പ്രദീപിനുണ്ട്. എൻ.എൻ പിള്ളയുടെ നാടകത്തിൽ ബലാതാരമായി അരങ്ങിലെത്തിയ അദ്ദേഹം ധാരാളം നാടകട്രൂപ്പുകളുമായി സഹകരിച്ചിരുന്നു.എൽഐസി ഉദ്യോഗസ്ഥനായി 89 മുതൽ സർവീസിലുണ്ട് കോട്ടയം പ്രദീപ്. വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു പ്രദീപിന്‍റെ അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഹന്‍ലാല്‍ നായകനായി നാളെ പുറത്തിറങ്ങാന്‍ പോകുന്ന ആറാട്ട് എന്ന ചിത്രത്തില്‍ പ്രദീപ് അഭിനയിച്ചിട്ടുണ്ട്.