കെ.ജി.ജോർജ് എന്ന മലയാള സിനിമയുടെ റഫറൻസ് പുസ്തകം

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് കെ.ജി.ജോർജ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിലെ പഠന കാലത്ത് എക്‌സാമിനറായി എത്തിയപ്പോഴാണ് രാമു കാര്യാട്ടിനെ കെ.ജി.ജോർജ് ആദ്യമായി പരിചയപ്പെടുന്നത്.

Update: 2023-09-24 06:53 GMT
Advertising

മലയാള സിനിമ കൂടുതൽ ജനകീയമാകുന്ന സമയം. അവിടേക്കാണ് ക്ലാസിക് ഷോട്ടുകളും ജീവനുള്ള കഥകളും മരണമില്ലാത്ത കഥാപാത്രങ്ങളുമായി കെ.ജി.ജോർജ് എന്ന ചലച്ചിത്രകാരൻ കടന്നുവരുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും കെ.ജി ജോർജ് സംവിധാനം ചെയ്തിട്ടില്ല, എന്നിരുന്നാലും. മലയാള സിനിമയുടെ ഒരു റഫറൻസ് പുസ്തകമായിതന്നെയാണ് കെ.ജി ജോർജ് പരിഗണിക്കപ്പെടുന്നത്. നവതരംഗ സിനിമകളുടെ കുത്തൊഴുക്കിനിടയിലും ദൃശ്യഭാഷ കൊണ്ടും അവ ഉയര്‍ത്തിവിട്ട രാഷ്ട്രീയം കൊണ്ടും കെ.ജി.ജോര്‍ജിന്റെ ചിത്രങ്ങളും കാലിക പ്രസക്തിയോടെ തുടരുകയാണ്. പഞ്ചവടിപ്പാലം, യവനിക, ഉള്‍ക്കടൽ തുടങ്ങിയവ ചലച്ചിത്ര പ്രേമികളിൽ ഇന്നും മായാതെ കിടക്കുന്ന ചലച്ചിത്രാവിഷ്കാരങ്ങളാണ്.


1946ല്‍ മധ്യ തിരുവിതാംകൂറിലെ സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെ.ജി.ജോർജിന്റെ ജനനം. തിരുവല്ലയിലാണ് ജനനം. പെയിന്റിങ് തൊഴിലാളിയായിരുന്നു കെ.ജി. ജോർജിന്റെ അച്ഛൻ സാമുവൽ. പെയിന്റര്‍ എന്ന നിലയിലാണ് കലാരംഗത്തേക്ക് തന്റെ അരങ്ങേറ്റമെന്ന് കെ.ജി ജോർജ് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം വരയും വായനയുമായിരുന്നു പ്രധാന വിനോദം. ഭാഷാതീതമായ പരന്ന വായനയാണ് പിൽക്കാലത്ത് തന്റെ ചലച്ചിത്രാവിഷ്കാരങ്ങളെ സ്വാധീനിച്ചതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.

1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. പൂനെയില്‍ ഒരു മാസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പില്‍ പങ്കെടുത്ത അനുഭവങ്ങളാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ അദ്ദേഹത്തിന് പ്രേരണയായത്. ഇന്ത്യന്‍ സംവിധായകരെ അടുത്തറിയുന്നതിനും അവരുടെ പ്രധാന സിനിമകള്‍ കാണുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലത്താണ്. സത്യജിത് റായ്, ഋതിക് ഘട്ടക്, മണി കൗള്‍, മൃണാള്‍ സെന്‍, ഐ എസ് ജോഹര്‍, ബിമല്‍ റോയ് തുടങ്ങിയ വിഖ്യാത സംവിധായകരൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുമായിരുന്നു. അവരുമായെല്ലാം ഇടപഴകാനും അടുത്ത ചങ്ങാത്തവുമുണ്ടാക്കാനും അദ്ദേഹത്തിനായി.

1970 മുതലാണ് ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നത്. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് തുടക്കം. പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിലെ പഠന കാലത്ത് എക്‌സാമിനറായി എത്തിയപ്പോഴാണ് രാമു കാര്യാട്ടിനെ കെ.ജി.ജോർജ് ആദ്യമായി പരിചയപ്പെടുന്നത്. "കോഴ്‌സ് കഴിഞ്ഞാല്‍ മദ്രാസിലേക്ക് വരുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അല്ലാതെ വേറെ മാര്‍ഗമില്ലല്ലോ എന്ന് ഞാന്‍ മറുപടി പറഞ്ഞു"- ഒരു അഭിമുഖത്തിൽ കെ.ജി.ജോർജ് ഓർക്കുന്നു. അങ്ങനെ 1972-ല്‍ അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി.


രാമചന്ദ്ര ബാബു, ഭരത്‌ ഗോപി, കെ.ജി.ജോർജ്

രാമു കാര്യാട്ടിനെ കാണാനായാണ് മദ്രാസിലെത്തിയതെങ്കിലും നേരത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിട്ട ജോണ്‍ എബ്രഹാമും ബാലു മഹേന്ദ്രയും ഉള്‍പ്പെടെ ഒരു സംഘം മദിരാശിയിലുണ്ടായിരുന്നു. ജോണ്‍ എബ്രഹാമിന്റെ പടത്തിലാണ് കെ.ജി.ജോർജ് ആദ്യമായി സഹകരിക്കുന്നത്. പിന്നീട് രാമു കാര്യാട്ടിന്റെ മായ ചിത്രത്തിന്റെ ഭാഗമായി. മായ, നെല്ല് എന്നീ ചിത്രങ്ങളിലാണ് രാമു കാര്യട്ടിനൊപ്പം കെ.ജി.ജോർജ് പ്രവർത്തിച്ചത്. രാമുകാര്യാട്ട് സംവിധാനം ചെയ്ത 1974ലെ ‘നെല്ലിന്റെ തിരക്കഥാകൃത്ത് എന്ന നിലയില്‍ കെ ജി ജോര്‍ജ് ആസ്വാദകരുടേയും നിരൂപകരുടേയും ശ്രദ്ധനേടി .

രാമു കാര്യാട്ടിന്റെ ഒപ്പം താമസമാക്കുന്നതിന് മുമ്പ് തന്നെ സ്വന്തം സിനിമ ചെയ്യുന്നതിനുള്ള ആലോചന കെ.ജി.ജോർജ് തുടങ്ങിയിരുന്നു. അക്കാലത്താണ് ബോംബെ മലയാളിയായ മുഹമ്മദ് ബാപ്പു തന്റെ സിനിമ സംവിധാനം ചെയ്യുന്നതിന് കെ.ജി.ജോർജിനെ സമീപിക്കുന്നത്. അങ്ങനെ കെ.ജി.ജോർജിന്റെ കന്നിച്ചിത്രം സ്വപ്നാടനം പിറവിയെടുത്തു. അക്കാലത്ത് കോഴിക്കോട് സൈക്കോ എന്ന മനഃശാസ്ത്രസംബന്ധിയായ പ്രസിദ്ധീകരണം നടത്തിയിരുന്ന ചെലവൂര്‍ വേണുവിന്റേതാണ് കഥ. നോവലിസ്റ്റ് പമ്മനെയാണ് തിരക്കഥയെഴുതാന്‍ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തും ചെന്നൈയിലുമായിരുന്നു ചിത്രീകരണം. സൈക്കോഡ്രാമ വിഭാഗത്തില്‍പ്പെടുത്താവുന്ന സ്വപ്നാടനം സങ്കീര്‍ണമായ സ്ത്രീ-പുരുഷ ബന്ധത്തെയാണ് വിശകലനംചെയ്തത്.


സ്വപ്നാടനത്തിന്റെ സ്വിച്ച് ഓണ്‍ കർമം

1976 മാര്‍ച്ചില്‍ തിയറ്ററുകളിലെത്തിയ സ്വപ്നാടനം പതിവു മാതൃകയില്‍ ഡാന്‍സും സ്റ്റണ്ടുമൊന്നും ഇല്ലാത്ത ചിത്രമായിരുന്നിട്ടും പ്രേക്ഷകര്‍ നല്ലനിലയില്‍ സ്വീകരിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി. നായികവേഷം ചെയ്ത റാണി ചന്ദ്ര മികച്ച നടിയായി. റഷ്യന്‍ ഫിലിം സെസൈറ്റിക്കുവേണ്ടിയും ചിത്രം തെരഞ്ഞെടുത്തു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള പാനലില്‍ കാര്യാട്ടുണ്ടായിരുന്നു. കോഴിക്കോട് അപ്സര തിയറ്ററില്‍ ചെലവൂര്‍ വേണുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്വപ്നാടനം കാണാന്‍പോയപ്പോഴുണ്ടായ അനുഭവം ജോര്‍ജ് തന്റെ ആത്മകഥാ പുസ്തകത്തില്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ് 'ഒരു ചെറുപ്പക്കാരന്‍ വന്ന് ഞങ്ങളെ സ്വയം പരിചയപ്പെടുത്തിയിട്ട് ആരാണെന്നു തിരക്കി. ഈ ചിത്രത്തിന്റെ സംവിധായകനാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷമായി. ഒരാഴ്ചയായി അയാള്‍ സ്വപ്നാടനം കണ്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു'.

സ്വപ്നാടനത്തിന്റെ ചിത്രീകരണത്തിനിടെയാണ് പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകളായ സെല്‍മയെ പരിചയപ്പെടുന്നതും പിൽക്കാലത്ത് ജീവിത പങ്കാളിയാക്കുന്നതും. 1977 ഫെബ്രുവരി ഏഴിനായിരുന്നു വിവാഹം.


കെ.ജി.ജോർജും ഭാര്യ സൽമാ ജോർജും

കാമ്പസ് പ്രണയം പ്രമേയമാക്കിയാണ് ഉള്‍ക്കടല്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. വേണു നാഗവള്ളി ആദ്യാമായി അഭിനയിച്ച ചിത്രവും ഉൾക്കടലായിരുന്നു. ഒ.എന്‍.വിയുടെ വരികൾ, എം ബി ശ്രീനിവാസന്റെ സംഗീതം, ഗായകരായി യേശുദാസും ജയചന്ദ്രനും. അതൊരു ഹിറ്റ് കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു. ഉള്‍ക്കടലിൽ സൽമ ആലപിച്ച ശരദിന്ദു മലര്‍ ദീപനാളം... മുതൽ എല്ലാ ഗാനങ്ങളും ഇന്നും സിനിമാ സംഗീത പ്രേമികള്‍ നെഞ്ചേറ്റുന്നവയാണ്. നടി ശോഭയുടെ ആത്മഹത്യയാണ് 'ലേഖയുടെ മരണം: ഒരു ഫ്‌ളാഷ് ബാക്ക്' എന്ന ചിത്രത്തിന് പ്രേരണയായതെന്ന് കെ.ജി.ജോർജ് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘പഞ്ചവടിപ്പാലം’, മലയാള സിനിമയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ ‘യവനിക’, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ‘ഇരകൾ’, മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ ‘ആദാമിന്‍റെ വാരിയെല്ല്’ എന്നിങ്ങനെ മികച്ചവ മാത്രമായിരുന്നു കെ.ജി.ജോർജ് മലയാളത്തിന് സമ്മാനിച്ചത്. 1998ൽ പുറത്തിറങ്ങിയ 'ഇലവങ്കോട്‌ ദേശ' മാണ്‌ കെ.ജി.ജോർജ് ഒടുവിൽസംവിധാനം ചെയ്ത സിനിമ.


സംവിധായകൻ മാത്രമായിരുന്നില്ല നിർമാതാവായും കെ.ജി.ജോർജ് തിളങ്ങിയിരുന്നു. ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം എന്ന ചിത്രം നിർമിച്ചത് കെ.ജി ജോർജാണ്. 2003ൽ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനായിരുന്നു കെ.ജി.ജോർജ്. 2000ൽ ദേശീയ ഫിലിം അവാർഡ് ജൂറി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ ജെ.സി. ഡാനിയേൽ പുരസ്കരത്തിന് അർഹനായി. 2006ൽ ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായ അദ്ദേഹം അഞ്ച് വർഷക്കാലം ആ പദവി അലങ്കരിച്ചു. മാക്ട ചെയർമാനായും കെ.ജി ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - ഹരിഷ്മ വടക്കിനകത്ത്

contributor

Similar News