ഈടാക്കിയ തുക തിരിച്ചുപിടിക്കണം; തീയറ്ററുകളിലെ അമിത ടിക്കറ്റ് നിരക്കിനെതിരെ മദ്രാസ് ഹൈക്കോടതി
സർക്കാർ സംവിധാനങ്ങൾ ഉണ്ടായിട്ടും തീയറ്ററുകളിൽ അമിതമായി ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നാണ് ഹരജിക്കാരന്റെ വാദം
ചെന്നൈ: തീയറ്ററുകളിൽ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. അമിതമായി ഈടാക്കിയ തുക തീയറ്ററുകളിൽ നിന്നും തിരിച്ചുപിടിക്കണമെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചു. ദേവരാജൻ എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
സർക്കാർ സംവിധാനങ്ങൾ ഉണ്ടായിട്ടും തീയറ്ററുകളിൽ അമിതമായി ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നാണ് ഹരജിക്കാരന്റെ വാദം. ഹരജി പരിഗണിച്ച കോടതി വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഇത്തരത്തിൽ അമിതമായി ഈടാക്കിയ തുക തിരിച്ചുപിടിക്കണമെന്നും സർക്കാറിന് നിർദേശം നൽകി.
തമിഴ്‌നാട്ടിലെ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച രണ്ട് ഉത്തരവുകൾ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സാധാരണ തീയറ്ററുകളിലെ പരമാവധി ടിക്കറ്റ് നിരക്ക് 120 രൂപയായും ഐമാക്സ് തീയറ്ററുകളിൽ 480 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ വരുമ്പോൾ ഈ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നാണ് ഹരജിക്കാരന്റെ ആരോപണം. ഇത്തരം ആരോപണങ്ങൾ കണ്ടെത്തിയാൽ പോലും സർക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു വിധ നടപടികളും ഉണ്ടാവുന്നില്ലെന്നും സാധാരണ 1000 രൂപ മാത്രമാണ് ഇത്തരം നിയമലംഘനത്തിന് പിഴ ചുമത്തുന്നത് എന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. തുടർന്നാണ് അമിതമായി ഈടാക്കിയ പണം തിയേറ്ററുകളിൽ നിന്നും ഈടാക്കണമെന്ന് ജസ്റ്റിസ് അനിത സുമന്ത് വിധിച്ചത്.