'ഞാന്‍ സംസ്കാര്‍ ഭാരതി സെമിനാറില്‍, ഒരു 'പുഴു'വിനേയും കണ്ടില്ല'; പരിഹാസവുമായി മേജര്‍ രവി

'പുഴു' സിനിമക്കെതിരെ വലതുനിരീക്ഷകന്‍ രാഹുല്‍ ഈശ്വരും രംഗത്തുവന്നു

Update: 2022-05-20 15:17 GMT
Editor : ijas
Advertising

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ 'പുഴു' സിനിമക്കെതിരെ സംവിധായകന്‍ മേജര്‍ രവി. വലതുരാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ 'പുഴു' സിനിമക്കെതിരെ ഫേസ്ബുക്കില്‍ എഴുതിയ വിമര്‍ശന കുറിപ്പിന് താഴെയാണ് മേജര്‍ രവി പരിഹാസ കമന്‍റുമായി വന്നത്. എഴുത്തിനോട് പൂര്‍ണമായും യോജിക്കുന്നതായി പറഞ്ഞ മേജര്‍ രവി, താന്‍ ബോംബെയില്‍ സംസ്കാര്‍ ഭാരതി സെമിനാറിലാണെന്നും ഒരു പുഴുവിനേയും കണ്ടില്ലെന്നും പറഞ്ഞു. മുംബൈ സര്‍വകലാശാല കലിന കാമ്പസിൽ വെച്ച് നടന്ന ദേശീയ കൊളോക്വിയത്തിലാണ് മേജര്‍ രവി പങ്കെടുത്തത്. സംസ്‌കാർ ഭാരതിയും മുംബൈ യൂണിവേഴ്‌സിറ്റി അക്കാദമി ഓഫ് തിയേറ്റർ ആർട്‌സും ഐ.ജി.എൻ.സി.എയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

അതിനിടെ 'പുഴു' സിനിമക്കെതിരെ വലതുനിരീക്ഷകന്‍ രാഹുല്‍ ഈശ്വരും രംഗത്തുവന്നു. 'പുഴു' സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണമാണ് രാഹുല്‍ ഈശ്വര്‍ ഉയര്‍ത്തിയത്. ബ്രാഹ്മണ വിരോധവും ഹിന്ദു വിരോധവും വാരിതേക്കാന്‍ 'പുഴു' ഉപയോഗിച്ചതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ​ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ​ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. 'പുഴു' നല്ല സിനിമയാണ്, പക്ഷെ 'പുഴു' എന്ന സിനിമയിൽ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

മെയ് 12ന് സോണി ലിവില്‍ റിലീസ് ചെയ്ത പുഴുവിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു. 'ഉണ്ട'യ്ക്ക് ശേഷം ഹർഷദ് കഥയെഴുതിയ ചിത്രമാണ് 'പുഴു'. സിൻ സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്‍റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്‍റെ സഹനിർമ്മാണവും വിതരണവും. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജേക്സ് ബിജോയുടേതാണ് സംഗീതം. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്‍റെയും കലാസംവിധാനം.

Major Ravi against Puzhu movie

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News