'നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം'; മീരാ ജാസ്മിന്‍റെ ജന്മദിനത്തില്‍ 'മകള്‍' ഫസ്റ്റ് ലുക്ക്

'മകളില്‍' ജയറാമിന്‍റെ നായികയായിട്ടാണ് മീരാ ജാസ്മിന്‍റെ മടങ്ങിവരവ്

Update: 2022-02-15 14:43 GMT
Editor : ijas

ഒരിടവേളക്ക് ശേഷം മീര ജാസ്മിന്‍ മടങ്ങിയെത്തുന്ന 'മകള്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മീര ജാസ്മിന്‍റെ ജന്മദിനമായ ഇന്നാണ് പുറത്തിറങ്ങിയത്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് മകള്‍ സിനിമയെന്ന് കാണുമ്പോൾ തോന്നിയേക്കാമെന്ന് സത്യന്‍ അന്തിക്കാട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ സിനിമ പ്രേക്ഷകരിലേക്കെത്തുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

'മകളില്‍' ജയറാമിന്‍റെ നായികയായിട്ടാണ് മീരാ ജാസ്മിന്‍റെ മടങ്ങിവരവ്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്​ ഡോ. ഇഖ്​ബാൽ കുറ്റിപ്പുറമാണ്​. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ. രസതന്ത്രം, അച്ചുവിന്‍റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര അടക്കമുള്ള സത്യൻ അന്തിക്കാടിന്‍റെ ഹിറ്റ്​ ചിത്രങ്ങളിൽ മീര ജാസ്​മിൻ വേഷമിട്ടിട്ടുണ്ട്​. മുൻ ഡിജിപി ഋഷിരാജ് സിങ്ങ് സഹ സംവിധായകനായി വരുന്ന ചിത്രം കൂടിയാണ് മീരയുടെ പുതിയ ചിത്രം 'മകള്‍'.

Advertising
Advertising

സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

'മകൾ' ഒരുങ്ങുകയാണ്. കോവിഡിന്‍റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. 'മകൾ' കാത്തിരുന്നത് അതിനു വേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്‍റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്‍റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു.

ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്‍റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News