ദുല്‍ഖറിന്‍റെ സല്യൂട്ടിനു പിന്നാലെ മമ്മൂട്ടിയുടെ പുഴുവും ഒടിടി റിലീസിന്
സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുക. റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല
മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന പുഴു ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുക. റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ദുൽഖർ ചിത്രമായ സല്യൂട്ടും സോണി ലിവിലൂടെയാണ് പ്രദർശനത്തിനെത്തുക. മാർച്ച് 18നാണ് ചിത്രത്തിന്റെ റിലീസ്.
റത്തീന ഷര്‍ഷാദാണ് പുഴുവിന്‍റെ സംവിധായിക. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജെക്സ് ബിജോയ്. കലാസംവിധാനം- മനു ജഗത്ത്. സൗണ്ട്- വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറും.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജാണ് നിര്‍മാണം. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് വിതരണം. ചിത്രത്തിന്‍റെ ടീസര്‍ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി നെഗറ്റീവ് റോളിലാണ് എത്തുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്‍റെ നിര്‍മാണ കമ്പനിയായ വേഫെററിനും വിലക്ക് ഏര്‍പ്പെടുത്തി. സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് ധാരണ ഉണ്ടായിരുന്നുവെന്നും ഇത് തെറ്റിച്ചാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തതെന്നും തിയറ്റര്‍ ഉടമകള്‍ ആരോപിക്കുന്നു. ദുൽഖർ സൽമാന്റെ ചിത്രങ്ങളുമായി ഇനി സഹകരിക്കില്ലെന്നാണ് ഫിയോക് തീരുമാനം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് ആണ്. അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം.