'കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും'; ബ്രഹ്മപുരം തീപിടിത്തത്തില്‍ മഞ്ജു വാര്യര്‍
തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണഞ്ഞ് കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍
കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനരോഷം ഉയര്‍ന്നതിന് പിന്നില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരും. കൊച്ചിയിലെ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചിയും നമ്മുടെ മനസ്സും നീറി പുകയുകയാണെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ബ്രഹ്മപുരം തീപിടിത്തത്തിലെ സങ്കടം പങ്കുവെച്ചത്.
തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട് അറിയിക്കുന്നതായും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാമെന്നും മഞ്ജു കുറിപ്പില്‍ പറഞ്ഞു. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണഞ്ഞ് കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തില്‍ നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, സംഗീത സംവിധായകന്‍ ബിജിബാല്‍, ഛായാഗ്രഹകന്‍ ഷാംദത്ത് സെയ്നൂദ്ദീന്‍, നിര്‍മാതാക്കളായ വിജയ് ബാബു, ഷിജു ജി സുശീലന്‍ എന്നിവര്‍ പ്രതികരണം അറിയിച്ചിരുന്നു.
അതെ സമയം ബ്രഹ്മപുരം തീപിടിത്തത്തില്‍ വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 799 പേർ ചികിത്സ തേടിയതായും 17 പേരെ കിടത്തി ചികിത്സിച്ചതായും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഐ.എം.എ, സ്വകാര്യ ആശുപത്രിയുൾപ്പെടെയുള്ളവയുടെ സഹകരണം ആരോഗ്യവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയിൽ പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.