മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഹുമുഖ നടനാണ് നെടുമുടി വേണു; മനോജ് കെ ജയൻ
സ്ഥലത്തില്ലാത്തതിനാൽ തനിക്ക് അവസാനമായി വന്നു കാണാൻ കഴിയാത്തതിലും മനോജ് കെ ജയൻ സങ്കടം രേഖപ്പെടുത്തിയിട്ടുണ്ട്
''എന്റെ വേണുവേട്ടാ പോയല്ലോ'' എന്ന വരിയിലാണ് മനോജ് കെ ജയന്റെ അനുശോചന കുറിപ്പ് തുടങ്ങുന്നത്. തന്റെ അഭിനയ കളരി തന്നെ വേണുവേട്ടനായിരുന്നുവെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മനോജ് കെ ജയൻ പറയുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഹുമുഖ നടനാണ് നെടുമുടി വേണുവെന്നും തനിക്ക് ഗുരുതുല്യനാണ് അദ്ദേഹമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. പെരുന്തച്ചൻ, സർഗം, പരിണയം തുടങ്ങിയവ ഇരുവരും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. നെടുമുടി വേണുവിന്റെ അവസാന സിനിമയിലും മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്.
സ്ഥലത്തില്ലാത്തതിനാൽ തനിക്ക് അവസാനമായി വന്നു കാണാൻ കഴിയാത്തതിലും മനോജ് കെ ജയൻ സങ്കടം രേഖപ്പെടുത്തിയിട്ടുണ്ട്. എപ്പോൾ കണ്ടാലും പാട്ടും തമാശയും സ്‌നേഹവാത്സല്യങ്ങളും ചൊരിയുന്ന തന്റെ മാനസഗുരുനാണ് നെടുമുടി വേണുവെന്നും മനോജ് കെ ജയൻ കുറിച്ചു
ഇന്ന് ഉച്ചക്ക് ഒന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 73 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അയ്യങ്കാളി ഹാളില്‍ വെച്ചു നടത്തുന്ന പൊതുദര്‍ശനത്തിനു ശേഷം രണ്ട് മണിയോടെ സംസ്ക്കാര ചടങ്ങ് നടക്കും
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.