ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് മീരാ ജാസ്മിന്‍; സ്നേഹം പ്രകടിപ്പിച്ച് താരങ്ങളും ആരാധകരും
ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്ന 'മകള്‍' എന്ന ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോ പങ്കുവെച്ചാണ് മീര തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ച വിവരം അറിയിച്ചത്
മലയാളത്തിന്‍റെ അവിസ്മരണീയ അഭിനേത്രി മീരാ ജാസ്മിന്‍ ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ചു. ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്ന 'മകള്‍' എന്ന ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോ പങ്കുവെച്ചാണ് മീര തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ച വിവരം അറിയിച്ചത്. പുതിയ തുടക്കങ്ങളെ വളര്‍ത്തണമെന്ന് പറഞ്ഞ മീര എല്ലാവരെയും കൂടുതല്‍ അടുപ്പിക്കുന്ന പുതിയ കാല്‍വെപ്പില്‍ സന്തോഷം പ്രകടിപ്പിച്ചു. മീരയുടെ ഇന്‍സ്റ്റാഗ്രാം വരവിനെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം സ്വാഗതം ചെയ്തു. നടിമാരായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി, ഗൗതമി നായര്‍, അതിഥി ബാലന്‍, ദീപാ തോമസ്,സുരഭി ലക്ഷ്മി, നടന്‍മാരായ ഉണ്ണി മുകുന്ദന്‍,രവി തേജ, ജിതേഷ് പിള്ള, സംവിധായകരായ ആഷിഖ് അബു, അരുണ്‍ ഗോപി, അനൂപ് സത്യന്‍ എന്നിവര്‍ മീര ജാസ്മിനെ സ്വാഗതം ചെയ്ത് സ്നേഹം അറിയിച്ചു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകളില്‍' ജയറാമിന്‍റെ നായികയായിട്ടാണ് മീരാ ജാസ്മിന്‍റെ മടങ്ങിവരവ്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ്. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ. രസതന്ത്രം, അച്ചുവിന്‍റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര അടക്കമുള്ള സത്യൻ അന്തിക്കാടിന്‍റെ ഹിറ്റ് ചിത്രങ്ങളിൽ മീര ജാസ്മിൻ വേഷമിട്ടിട്ടുണ്ട്. മുൻ ഡിജിപി ഋഷിരാജ് സിങ്ങ് സഹ സംവിധായകനായി വരുന്ന ചിത്രം കൂടിയാണ് മീരയുടെ പുതിയ ചിത്രം 'മകള്‍'.