'ഭീമൻ രഘു ഒരു കോമാളി, മണ്ടൻ'; മീശ പിരിക്കുന്ന നായകന്മാരുടെ സൃഷ്ടിക്ക് പിന്നിലെ സ്വാധീനം തന്റെ ബന്ധുക്കളെന്നും രഞ്ജിത്ത്

'15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല. മൈൻഡ് ചെയ്തില്ല'- രഞ്ജിത്ത് പറഞ്ഞു.

Update: 2023-12-10 06:41 GMT
Advertising

നടൻ ഭീമൻ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈൻഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

''15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. 'രഘൂ അവിടെ ഇരിക്കൂ' എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണ്''- രഞ്ജിത്ത് പറയുന്നു.

''നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു- രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്''- രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുൾപ്പെടെയുള്ള നിരവധി താൻപോരിമയുള്ള കഥാപാത്രങ്ങൾ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആൽഫാ മെയിൽ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

''ഓരോ കാലത്തും ഓരോ രീതിയിലാണ് സിനിമയിലെ കഥാപാത്രങ്ങൾ ഉണ്ടാവുന്നത്. ആൽഫാ മെയിൽ കഥാപാത്രങ്ങളുണ്ടായത് ചെലപ്പോൾ ഞാൻ വളർന്ന സാഹചര്യങ്ങൾ കൊണ്ടാകാം. ഞാൻ കുട്ടിക്കാലംതൊട്ട് കാണുന്ന എന്റെ അമ്മാവന്മാർ, ബന്ധുക്കൾ ഇവരെക്കെ എന്നെ സ്വാധീനിക്കില്ലേ. അങ്ങനെയുള്ള താൻപോരിമ കാണിക്കുന്ന പുരുഷന്മാരെ കണ്ടാണ് ഞാൻ വളർന്നത്. വീട്ടിൽ ഒതുങ്ങിയിരിക്കുന്ന അമ്മമാരാണ് അക്കാലത്തേത്''- രഞ്ജിത്ത് പറയുന്നു.

''തന്റെ അച്ഛൻ അതിൽ നിന്ന് വ്യത്യസ്തൻ ആയിരുന്നെങ്കിലും ഒരുപാട് ബന്ധുജനങ്ങൾ ഇങ്ങനെയുള്ള അഭ്യാസങ്ങൾ നടത്തിയിട്ടുള്ളവരാണ്. അതൊക്കെ നമ്മളെ സ്വാധീനിച്ചിട്ടുണ്ടാവും. അതൊരു ഘട്ടത്തിൽ നമ്മൾ ഉപയോഗിച്ചിട്ടുണ്ടാവും. പിന്നെയത് വിട്ടിട്ടുണ്ടാവും''- രഞ്ജിത്ത് പറ‍ഞ്ഞു. ഇങ്ങനെ താൻപോരിമയുള്ള ആളാണോ രഞ്ജിത്ത് എന്ന ചോദ്യത്തിന്, അത് തന്റ കൂടെ കുറേക്കാലം ജീവിച്ചിട്ടുള്ളവർ പറയേണ്ട ഉത്തരമാണെന്നും കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയൂ എന്നും രഞ്ജിത്ത് വിശദമാക്കി.

സെപ്തംബർ 15ന് നടന്ന 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോഴാണ് മുഴുവന്‍ സമയവും നടന്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് താന്‍ പ്രസംഗം തീരുംവരെ എഴുന്നേറ്റുനിന്നതെന്ന് നടന്‍ പിന്നീട് പ്രതികരിച്ചു. ഭീമന്‍ രഘുവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ പുരസ്കാര ജേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രി എത്തിയപ്പോഴാണ് ഭീമന്‍ രഘുവും എഴുന്നേറ്റത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും താരം സദസില്‍ കൈയുംകെട്ടി എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. ഇത് വലിയ ട്രോളുകൾക്കും വഴിതുറന്നിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News