ഇനി പോരാട്ടം 'കെജിഎഫി'ൽ; വിക്രം- പാ രഞ്ജിത് ചിത്രം ഒരുങ്ങുന്നു

കെ ഇ ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ചിത്രം വിക്രത്തിൻറെ കരിയറിലെ 61-ാം ചിത്രമാണ്

Update: 2022-10-13 12:53 GMT
Editor : abs | By : Web Desk
Advertising

പൊന്നിയൻ സെൽവൻ ആഗോള ഹിറ്റടിച്ചതോടെ മണിരത്‌നത്തിനൊപ്പം കയ്യടി കിട്ടിയത് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ ആദിത്യ കരികാലനെ അവതരിപ്പിച്ച വിക്രമിനാണ്. നടന്റെ കരിയറിയിൽ തന്നെ വിജയചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് പൊന്നിയൻ സെൽവന്റെ സ്ഥാനം. പൊന്നിയിൻ സെൽവൻ പഴയ ചോള സാമ്രാജ്യത്തിൻറെ കഥയാണ് പറഞ്ഞതെങ്കിൽ താരം അഭിനയിക്കുന്ന പുതിയ ചിത്രം അതിൽ നിന്നും തികച്ചും വേറിട്ട ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലം കർണാടകയിലെ കോളാർ ഗോൾഡ് ഫീൽഡ്‌സ് ആണെന്നാണ് റിപ്പോർട്ട്. കന്നഡ സിനിമയെ പാൻ ഇന്ത്യൻ ശ്രദ്ധയിലേക്ക് ഉയർത്തിയ കെജിഎഫ് പശ്ചാത്തലമാക്കിയ അതേ ഇടം തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‌സിൽ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. എന്നാൽ കെജിഎഫ് പറഞ്ഞ രീതിയിലല്ലെന്നും വാർത്തകളുണ്ട്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. 2021 ഡിസംബറിലാണ് പ്രഖ്യാപിക്കപ്പെട്ട പിരീഡ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രം വലിയ സ്‌കെയിലിൽ ആണ് ഒരുങ്ങുന്നത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. വിക്രത്തിൻറെ കരിയറിലെ 61-ാം ചിത്രമാണിത്. തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെജിഎഫ്, കമലഹാസൻ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പിആർഒ ശബരി

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News