'83' ന്റെ മലയാളം പതിപ്പ് ഏറ്റെടുത്തത് ലാഭം നോക്കിയല്ല: പൃഥ്വിരാജ്

ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിന്റെ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നതിലും വലിയ സന്തോഷം ഉണ്ടെന്ന് നടൻ രൺവീർ സിംഗ് പറഞ്ഞു.

Update: 2021-12-19 12:47 GMT
Editor : abs | By : Web Desk
Advertising

1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രം '83' മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ലാഭം നോക്കിയല്ല ഇതെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യക്ക് വേണ്ടി കപ്പുയർത്തിയ താരങ്ങളായ കപിൽ ദേവും കെ ശ്രീകാന്തും ചിത്രത്തിൽ കപിൽ ദേവായി എത്തുന്ന രൺവീർ സിംഗും കൊച്ചിയിലെത്തിയിരുന്നു.

വെസ്റ്റ് ഇൻഡീസിനെ തറ പറ്റിച്ച് കപ്പുയർത്തിയതടക്കമുളള  ലോകകപ്പിലെ അപൂർവ നിമിഷങ്ങളെല്ലാം വൈകാരികമാണ്. ആ അനുഭവങ്ങളും നിമിഷങ്ങളുമാണ് സിനിമയിലുള്ളത്. അന്നത്തെ തങ്ങളുടെ ജീവിതം അതേ രീതിയിൽ തന്നെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കപിൽദേവും കെ. ശ്രീകാന്തും പറഞ്ഞു.

ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിന്റെ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നതിലും വലിയ സന്തോഷം ഉണ്ടെന്ന് നടൻ രൺവീർ സിംഗ് പറഞ്ഞു.

'റീൽ ലൈഫ് കപിൽ ദേവിനൊപ്പം' എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് രൺവീറിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു. സിനിമയുടെ റിലീസിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്നും താരം കുറിച്ചു. 

സ്പോർട്സ് - ഡ്രാമ കാറ്റഗറിയിൽ എത്തുന്ന ചിത്രം  അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഡിസംബര്‍ 24 നാണ് ചിത്രം റിലീസാകും.  ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.

ബോളിവുഡിലെ മുൻനിര താരങ്ങളായ പങ്കജ് ത്രിപാഠി, ബൊമ്മൻ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കബീർ, മധു മന്തേന, വിഷ്ണു ഇന്ദൂരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് റിലയൻസ് എന്റർടൈൻമെന്റ് ആണ്.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News