ബോളിവുഡിന് എന്നെ താങ്ങാൻ കഴിയില്ല, തെലുങ്ക് വിട്ട് എവിടേക്കുമില്ല: മഹേഷ് ബാബു
മഹേഷ് ബാബു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേജർ. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം
ഹിന്ദി സിനിമാ വ്യവസായത്തിന് തന്നെ താങ്ങാൻ കഴിയില്ലെന്നും അതിനാൽ ഹിന്ദി സിനിമ ചെയ്ത് സമയം കളയില്ലെന്നും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു. താരം നിർമിക്കുന്ന പുതിയചിത്രം മേജറിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഹിന്ദിയിൽ ധാരാളം ഓഫറുകൾ ലഭിച്ചു, പക്ഷേ അവർക്ക് എന്നെ താങ്ങാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് താങ്ങാൻ കഴിയാത്ത ഒരു വ്യവസായത്തിൽ ജോലി ചെയ്ത് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇവിടെ എനിക്ക് ലഭിക്കുന്ന താരമൂല്യവും ബഹുമാനവും വളരെ വലുതാണ്, അതിനാൽ തെലുങ്ക് വിട്ട് മറ്റേതെങ്കിലും ഇൻഡസ്ട്രിയിലേക്ക് പോകണമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല'' മഹേഷ് ബാബു പറഞ്ഞു.
സിനിമകൾ ചെയ്ത് വളരുന്നതുമാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. എന്റെ സിനിമകൾ രാജ്യം മുഴുവൻ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിപ്പോൾ സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടിടിയിലേക്ക് കടക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് താൻ ബിഗ് സ്‌ക്രീനിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഡിജിറ്റൽ സ്പെയ്സിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹേഷ് ബാബു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേജർ. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്. അതിനിടെ മഹേഷ് ബാബു നായകനായ 'സർക്കാരു വാരി പാട്ട' റിലീസിന് തയ്യാറെടുക്കുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക.