'കുരുതി' ആമസോണ്‍ പ്രൈമില്‍; ഓണം റിലീസായി ആഗസ്റ്റ് 11ന് പ്രേക്ഷകരിലെത്തും
പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഡയറക്റ്റ് ഒ.ടി.ടി റിലീസാണ് കുരുതി.
പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ത്രില്ലർ സിനിമ 'കുരുതി' ഓണത്തിന് പ്രേക്ഷകരിലെത്തും. ആഗസ്റ്റ് 11 ന് ആമസോൺ പ്രൈം വിഡിയോയിൽ വേൾഡ് പ്രീമിയറായി ചിത്രം റിലീസ് ചെയ്യും. മെയ് 13 ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് തീയറ്ററുകൾ അനിശ്ചിതമായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.
'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോൻ ആണ് നിർമ്മിക്കുന്നത്.
റോഷൻ മാത്യു, ശ്രിന്ദ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠൻ രാജൻ, നെൽസൺ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. അനീഷ് പല്യാല്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഡയറക്റ്റ് ഒ.ടി.ടി റിലീസാണ് കുരുതി. ആമസോണ്‍ പ്രൈമിലൂടെത്തന്നെ എത്തിയ 'കോള്‍ഡ് കേസ്' ആയിരുന്നു ആദ്യചിത്രം.