'എന്റെ ജോലി സിനിമ ചെയ്യലാണ്, ഇതിലൊന്നുമല്ല ഞാൻ വിശ്വസിക്കുന്നത്'; സിനിമാ പ്രൊമോഷനെക്കുറിച്ച് ഫഹദ്
സ്ഥിരം ചെയ്യുന്ന പരിപാടിയാണെങ്കിൽ ഇങ്ങനെ വന്നിരുന്ന് പറയേണ്ട ആവശ്യമില്ല. ആവേശം ഒരു പുതിയ പരിപാടിയാണെന്നും ഫഹദ് പറയുന്നു.
സിനിമാ പ്രൊമോഷനുകളിൽ വിശ്വാസമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. നല്ല സിനിമയാണെങ്കിൽ സിനിമ തന്നെ അത് തെളിയിക്കുമെന്നും ഫഹദ് പറയുന്നു. പുതിയ ചിത്രം ആവേശത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരത്തിന്റെ പരാമർശം. ആവേശം താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണെന്നും ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നിയെന്നും ഫഹദ് കൂട്ടിച്ചേർക്കുന്നുണ്ട്.
"ഞാൻ സ്ഥിരം ചെയ്യുന്ന പരിപാടിയാണെങ്കിൽ ഇങ്ങനെ വന്നിരുന്ന് പറയേണ്ട ആവശ്യമില്ല. സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശൻ' എന്ന പടം ചെയ്തപ്പോൾ ഞാൻ പ്രൊമോഷനൊന്നും വന്നിട്ടില്ല. സത്യേട്ടന്റെയും എന്റേയും അടുത്ത് നിന്ന് ആളുകൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ ആവേശം, സംവിധായകൻ ജിത്തു മാധവനും എനിക്കും പുതിയ പരീക്ഷണമാണ്. എന്നെ ഇതുപോലെ ആരും ഇതിനുമുമ്പ് കണ്ടിട്ടില്ല. പടത്തിന് ഒരു ഇൻട്രോ കൊടുക്കേണ്ടത് ആവശ്യമായി തോന്നി. ഇതിലൊന്നുമല്ല ഞാൻ വിശ്വസിക്കുന്നത്. എന്റെ ജോലി സിനിമകൾ ചെയ്യുക എന്നതാണ്. നല്ല സിനിമയാണെങ്കിൽ സിനിമ തന്നെ അത് തെളിയിച്ചോളും"- ഫഹദ് പറയുന്നു.
‘രോമാഞ്ചം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രോമാഞ്ചം റിലീസിന് മുമ്പേ തന്നെ തുടങ്ങിയ സിനിമയാണ് ആവേശം എന്നാണ് സംവിധായകൻ ജിത്തു മാധവൻ പറയുന്നത്. രോമാഞ്ചം മുഴുവനായും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണെങ്കിൽ ആവേശം ചില അനുഭവങ്ങളെ വലുതാക്കി സിനിമയാക്കുകയായിരുന്നെന്നും ജിത്തു പറയുന്നു. ഉറക്കെ ചിരിച്ചും ബഹളമുണ്ടാക്കിയും തിയേറ്ററിൽ കാണേണ്ട സിനിമയാണ് ആവേശമെന്നും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്.
ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ എത്തുന്നത്. കോളജ് വിദ്യാർഥികളുടേയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.