'എന്‍റെ ബന്ധു നീറ്റിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തു. പരാജയപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ആരോടെങ്കിലും മനസ് തുറക്കണം'- സായ് പല്ലവി
മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സായ് പല്ലവി പറഞ്ഞു
നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ ബന്ധു ആത്മഹത്യ ചെയ്തെന്ന് തെന്നിന്ത്യന്‍ നടി സായ് പല്ലവി. ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സായ് പല്ലവി പറഞ്ഞു. അഭിമുഖത്തിനിടെ ഡോക്ടറാകാന്‍ പഠിക്കുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഞാന്‍ പറയുന്നത് മറ്റുള്ളവരെ സഹായിക്കുമോ എന്നറിയില്ല. മെഡിസിന്‍ വിശാലമായ മേഖലയായതുകൊണ്ട് മത്സരപരീക്ഷയില്‍ എന്ത് ചോദിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഇത് മത്സരാര്‍ഥികളെ സമ്മര്‍ദത്തിലാക്കും. എന്‍റെ ബന്ധു നീറ്റിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തു. അവന് തീരെ മാര്‍ക്ക് കുറവായിരുന്നില്ല, പക്ഷെ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ല. അവനൊരു പരാജയമാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല. നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ആരോടെങ്കിലും മനസ് തുറന്ന് സംസാരിക്കണം. ഒരു കാരണവശാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്."- സായ് പല്ലവി പറഞ്ഞു.
നിങ്ങള്‍ ചിലപ്പോള്‍ വരുന്നത് ഒരു സാധാരണ ഗ്രാമത്തില്‍ നിന്നോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നോ ആകും. അല്ലെങ്കില്‍ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുകയായിരിക്കും. എന്നാല്‍ മത്സര പരീക്ഷകള്‍ ഒന്നിന്‍റെയും അവസാനമല്ലെന്നും സായ് പല്ലവി അഭിപ്രായപ്പെട്ടു.
ജോര്‍ജിയയില്‍ മെഡിസിന് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സായ് പല്ലവി സിനിമയിലെത്തിയത്.