വിവാഹ റിപ്പോർട്ടുകൾക്കിടെ ഐപിഎൽ കാണാനെത്തി രാഘവ് ഛദ്ദയും പരിനീതി ചോപ്രയും - വീഡിയോ
വീഡിയോ ട്വിറ്ററിൽ ട്രൻഡിങ്ങാണ്
മൊഹാലി: ബി- ടൗണിലെ ചൂടുള്ള അഭ്യൂഹമാണ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹം. ഈയിടെ നിരവധി സ്ഥലങ്ങളിൽ ഒന്നിച്ചു കണ്ടതോടെ പാപ്പരാസികൾ ഇരുവരെയും വിടുന്ന മട്ടില്ല. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന പഞ്ചാബ് കിങ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരം ഇവർ കാണാനെത്തിയതും മാധ്യമങ്ങൾ ആഘോഷമാക്കി. മൊഹാലി സ്‌റ്റേഡിയത്തിലായിരുന്നു പോരാട്ടം.
ഇരുവരും സ്‌റ്റേഡിയത്തിൽ കാണികളെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ ട്രൻഡിങ്ങാണ്. കറുത്ത ഗൗണിലായിരുന്നു പരിനീതി. രാഘവ് ഛദ്ദ നീല ഷർട്ടിലും.
മെയ് 13ന് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിഷയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ രാഘവ് ഛദ്ദ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, രാജ്‌നീതിയെ (രാഷ്ട്രീയം) കുറിച്ച് ചോദിക്കൂ, പരിനീതിയെ കുറിച്ചു വേണ്ട എന്നാണ് ഛദ്ദ പ്രതികരിച്ചിരന്നത്. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഛദ്ദയെ കുറിച്ച് നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർലമെന്റ് സെഷനിടെ 'നിങ്ങൾ സമൂഹമാധ്യമങ്ങളിൽ ആവശ്യത്തിന് ഇടം എടുക്കുന്നുണ്ട്, നിങ്ങൾക്കിത് നിശ്ശബ്ദതയുടെ ദിവസമാകാം' എന്നാണ് ധൻകർ തമാശ രൂപേണ പറഞ്ഞിരുന്നത്.
മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് പരിനീതി. ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സ് വിദ്യാർത്ഥിയായിരുന്നു ഛദ്ദ. ആ സമയം മുതൽ സുഹൃത്തുക്കളാണ് ഇരുവരും.