"വലിയ താരങ്ങൾ ഒ.ടി.ടിക്കായി സിനിമ ചെയ്യുന്ന കാലം വരാനിരിക്കുന്നതേയുള്ളൂ" പൃഥ്വിരാജ്
വലിയ താരങ്ങൾ ഒ.ടി.ടിക്കായി സിനിമ ചെയ്യുന്ന കാലം വരാനിരിക്കുന്നതേയുള്ളൂവെന്ന് നടൻ പൃഥ്വിരാജ്. രാജ്യാന്തര ശ്രദ്ധ ലഭിക്കുന്നതിനാൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന സിനിമകളാണ് ഇനി ചെയ്യേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു. ഒ.ടി.ടിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"ഏതൊരു സിനിമയും തിയറ്ററിൽ കാണണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. തിയറ്ററിൽ കാണാൻ പറ്റാത്തത് നിരാശ തന്നെയാണ്. എന്നാൽ ഒ.ടി.ടിയുടെ സാധ്യതകൾ ഇക്കാലത്ത് നാം പരമാവധി ഉപയോഗപ്പെടുത്തണം. വെസ്റ്റേൺ രാജ്യങ്ങളിൽ മൂന്ന് വർഷം മുമ്പേ ഈ സംവിധാനം നടപ്പാക്കി കഴിഞ്ഞു. ഇതെല്ലാം എന്നെങ്കിലും സംഭവിക്കേണ്ടിയിരുന്നതാണ്. കോവിഡ് എത്തിയതോടെ അല്പം നേരത്തെ സംഭവിച്ചു എന്ന് മാത്രം" - പൃഥ്വിരാജ് പറഞ്ഞു.
"ഓരോ സിനിമയുടെയും തിരക്കഥ എഴുതുന്ന സമയം മുതൽ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മുന്നിൽ തെളിയുന്ന വെല്ലുവിളിയായിരിക്കും ഒ.ടി.ടി. ഇത് ഒറ്റക്കിരുന്ന് കാണേണ്ട സിനിമയാണോ അതോ കുറെ പേർ ചേർന്ന് കാണേണ്ടതാണോ എന്ന് ആദ്യമേ തീരുമാനിക്കണം." ബ്രോഡാഡി തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.