സുശാന്തിന്റേത് കൊലപാതകമെന്ന് വെളിപ്പെടുത്തല്‍; ആശുപത്രി ജീവനക്കാരന് സംരക്ഷണം നൽകണമെന്ന് സഹോദരി
ടിവി അഭിമുഖത്തിലാണ് രൂപ് കുമാർ ഷാ സുശാന്തിന്‍റേത് കൊലപാതകമാണെന്ന് വെളിപ്പെടുത്തിയത്
ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രജ്‍പുതിനെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി രംഗത്തെത്തിയ ആശുപത്രി ജീവനക്കാരന് സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി സഹോദരി. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് കൊലപാതകമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെയാണ് രൂപ് കുമാറിന്റെ സുരക്ഷ ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കീർത്തി രംഗത്തെത്തിയത്. 'രൂപ് കുമാർ ഷാ സുരക്ഷിതനായി തുടരാൻ ശ്രദ്ധിക്കണം. സുശാന്തിന്റെ കേസ് സിബിഐ സമയബന്ധിതമായി അന്വേഷിക്കണമെന്നും അവർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ് ചെയ്തത്.
നടനെ തന്റെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഇപ്പോഴും ബാക്കി നിൽക്കെയാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ടിവി9-ന് നൽകിയ അഭിമുഖത്തിലാണ് രൂപ്കുമാർ ഷാ സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്. 'സുശാന്ത് സിംഗ് രജ്പുത് അന്തരിച്ചപ്പോൾ, ഞങ്ങൾക്ക് അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ഹോസ്പിറ്റലിൽ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങൾ കണ്ടിരുന്നു'; രൂപ് കുമാർ പറയുന്നു.
ഉന്നതാധികാരികളുടെ നിർദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പകർത്താൻ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്‍പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പൊലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി.
നാളുകൾ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജൻസികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.