'സോറി, എനിക്കൊന്നും അറിയില്ല'-ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രജനികാന്ത്

തമിഴ് അഭിനേതാക്കളുടെ സംഘടനയായ 'നടികർ സംഘം' വനിതാ താരങ്ങൾക്കായി പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്നാണ് നടൻ വിശാൽ പ്രതികരിച്ചത്

Update: 2024-09-01 15:56 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായി പ്രതികരിക്കാൻ കൂട്ടാക്കാതെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ടറാണ് റിപ്പോർട്ടിനെ കുറിച്ച് താരത്തിന്റെ അഭിപ്രായം തേടിയത്. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റിക്കു സമാനമായൊരു സമിതി തമിഴ്‌നാട്ടിലും രൂപീകരിക്കണമെന്ന ആവശ്യങ്ങൾ റിപ്പോർട്ടർ സൂചിപ്പിച്ചു. 'സോറി, ഒന്നിനെക്കുറിച്ചും അറിയില്ല'-ഇത്രമാത്രം പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു രജനികാന്ത്.

നേരത്തെ, തമിഴ് സിനിമയിൽ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു നടൻ ജീവ പ്രതികരിച്ചത്. ഇതെല്ലാം നടക്കുന്നത് മലയാളത്തിലാണെന്നു പറഞ്ഞ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു താരം. ഹേമ കമ്മിറ്റിയെ കുറിച്ചു കേട്ടു. നേരത്തെ മീടൂ ഒന്നാം ഭാഗം വന്നതാണ്. ഇതിപ്പോൾ രണ്ടാം ഭാഗമാണ്. ഇപ്പോൾ ആളുകൾ പരസ്യമായി അവരുടെ പേരുകൾ പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്. ഇതു ശരിയല്ല. സിനിമയിൽ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്നും ജീവ പറഞ്ഞു.

തമിഴിലും സമാനമായ കമ്മിറ്റി രൂപീകരിക്കുമെന്നാണ് നടനും നിർമാതാവുമായ വിശാൽ പ്രതികരിച്ചത്. വനിതാ താരങ്ങളെ സഹായിക്കാനും അവർക്കു പരാതി നൽകാനുമായി തമിഴ് താരങ്ങളുടെ സംഘടനയായ 'നടികർ സംഘം' പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. സ്ത്രീ പീഡനം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പലതരം മോശം സാഹചര്യങ്ങളിലൂടെയാണ് പെൺകുട്ടികളും സ്ത്രീകളുമെല്ലാം കടന്നുപോകുന്നത്. എല്ലാവരും അതു പരസ്യമായി പറയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇത്തരം പരാതികളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിശാൽ ആവശ്യപ്പെട്ടു.

Summary: Rajinikanth on Hema Committee report: 'Don't know anything, sorry'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News