രജനിക്കുമുണ്ട് ബാര്‍ബര്‍ ബാലനെപ്പോലൊരു കൂട്ടുകാരന്‍; ഫാല്‍ക്കെ പുരസ്കാരം ബസ് ഡ്രൈവര്‍ക്ക് സമര്‍പ്പിച്ച് സ്റ്റൈല്‍ മന്നന്‍

51ാമത് ഫാല്‍ക്കെ അവാര്‍ഡ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്

Update: 2022-09-07 08:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

''ഓരോ വ്യക്തിയുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുകയും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനം ആയി തീരുകയും ചെയ്യുന്ന ഏതെങ്കിലും ഒരാളുണ്ടാകും കാതിൽ ചുവന്ന കടുക്കനിട്ട ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു .ഒന്നുമില്ലാത്ത അശോകനെ എന്തെങ്കിലും ഒക്കെ ആക്കി തീർത്ത ബാലചന്ദ്രൻ എന്‍റെ പ്രിയപ്പെട്ട ബാലൻ'' കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അശോക് രാജ് ബാല്യകാല സുഹൃത്തായ ബാര്‍ബര്‍ ബാലനെക്കുറിച്ച് പറയുന്ന രംഗം ചിത്രം കണ്ടവരാരും മറക്കില്ല. അത്ര ഹൃദയസ്പര്‍ശിയായിരുന്നു ആ രംഗം. അത്തരമൊരു സംഭവം നിത്യജീവിതത്തില്‍ ആവര്‍ത്തിച്ചാല്‍ എങ്ങനെയുണ്ടാകും. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ അവാർഡ് തന്‍റെ പഴയ കൂട്ടുകാരനായ ബസ് ഡ്രൈവറിന് സമർപ്പിച്ച് സൂപ്പർതാരം രജനികാന്ത് നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുരസ്കാരം സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസം​ഗത്തിലാണ് തന്‍റെ ​ഗുരുവിനും സഹോദരനുമൊപ്പം കൂട്ടുകാരൻ രാജ് ബഹദൂറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.



രജനീകാന്തിന്‍റെ വാക്കുകള്‍

'ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ ഞാന്‍ വളരെ അധികം സന്തോഷവാനാണ്. എന്നെ അവാര്‍ഡിനായി പരിഗണിച്ചതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദി പറയുന്നു. ഈ അവാർഡ് എന്‍റെ വഴികാട്ടിയും ഗുരുനാഥനുമായ കെ. ബാലചന്ദർ സാറിന് സമർപ്പിക്കുന്നു. ഈ നിമിഷം ഞാൻ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു, അതോടൊപ്പം തന്നെ എന്നെ മഹത്തായ മൂല്യങ്ങൾ പഠിപ്പിച്ച് വളർത്തിയ പിതാവിനു തുല്യനായ എന്‍റെ ജ്യേഷ്ഠസഹോദരൻ സത്യനാരായണ റാവു ഗെയ്ക്‌വാദിനും കർണാടകയിലെ എന്‍റെ സുഹൃത്തും ട്രാൻസ്പോർട്ട് ബസ് ഡ്രൈവറും സഹപ്രവർത്തകനുമായ രാജ് ബഹദൂറിനും ഈ അവാർഡ് സമർപ്പിക്കുന്നു. ഞാൻ ഒരു ബസ് കണ്ടക്ടറായിരുന്നപ്പോൾ എന്നിലെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞ് എന്നെ സിനിമയിലേക്ക് കാലെടുത്തു വയ്ക്കാൻ പ്രോത്സാഹിപ്പിച്ചത് രാജ് ബഹദൂറാണ്.

എന്‍റെ സിനിമകൾ നിർമിച്ച എല്ലാ നിർമ്മാതാക്കൾക്കും സംവിധായകർക്കും എന്നോടൊപ്പം പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർക്കും എന്നോടൊപ്പം അഭിനയിച്ച നടീനടന്മാർക്കും, വിതരണക്കാരും, മാധ്യമപ്രവർത്തകർക്കും എന്റെ എല്ലാ ആരാധകർക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കുകയാണ്. എന്നെ വളർത്തിയ എന്റെ ദൈവങ്ങളായ തമിഴ് മക്കൾക്ക് നന്ദി, അവരില്ലാതെ ഞാൻ ആരുമല്ല. എല്ലാ തമിഴ് മക്കൾക്കും ഈ അവാർഡ് സമർപ്പിക്കുന്നു.' - രജനീകാന്ത് പറഞ്ഞു.

51ാമത് ഫാല്‍ക്കെ അവാര്‍ഡ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്. ഭാര്യക്കും മകള്‍ക്കും മരുമകന്‍ ധനുഷിനുമൊപ്പം കുടുംബസമേതമാണ് രജനി പുരസ്കാരം സ്വീകരിക്കാനെത്തിയത്. മികച്ച നടനുള്ള പുരസ്കാരം ധനുഷും ഏറ്റുവാങ്ങി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News