'അവാര്‍ഡുദാന ചടങ്ങില്‍ ഇരിക്കാന്‍ സീറ്റില്ലാതെ ഒഴിഞ്ഞ കസേരകള്‍ തേടിയലഞ്ഞ ഇന്ദ്രന്‍സേട്ടന്‍'

സംഘാടകർ ഇരിപ്പിടം ഒഴിച്ചിടാഞ്ഞിട്ടല്ല. കസേരകളുടെ പുറത്ത് അവാർഡിതരുടെ പേരുകൾ ഭംഗിയായി എഴുതി ഒട്ടിച്ചു വെക്കാഞ്ഞിട്ടുമല്ല

Update: 2021-08-23 09:47 GMT
Editor : Jaisy Thomas | By : Web Desk
അവാര്‍ഡുദാന ചടങ്ങില്‍ ഇരിക്കാന്‍ സീറ്റില്ലാതെ ഒഴിഞ്ഞ കസേരകള്‍ തേടിയലഞ്ഞ ഇന്ദ്രന്‍സേട്ടന്‍
AddThis Website Tools
Advertising

ചെറു വേഷങ്ങളിലൂടെ അഭിനയം തുടങ്ങിയ ഇന്ദ്രന്‍സ് ഇപ്പോള്‍ വലിയ വേഷങ്ങളിലൂടെ പ്രേക്ഷകരെ അതിശയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രന്‍സ് എന്ന നടന്‍റെ പ്രതിഭ വിളിച്ചോതുന്ന കഥാപാത്രങ്ങളാണ് ഇപ്പോള്‍ താരത്തിന് ലഭിക്കുന്ന ഭൂരിഭാഗം കഥാപാത്രങ്ങളും. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ആണ് ഇന്ദ്രന്‍സിന്‍റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഹോം പ്രേക്ഷകരുടെ മനസ് നിറച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ദ്രന്‍സുമായി ബന്ധപ്പെട്ട ഒരു ഓര്‍മ പങ്കുവയ്ക്കുകയാണ് ഗാനനിരൂപകന്‍ രവി മേനോന്‍.

രവി മേനോന്‍റെ കുറിപ്പ് വായിക്കാം

ഇന്ദ്രൻസാണ് ഈ `ഹോ'മിന്‍റെ ഐശ്വര്യം

തുല്യദുഖിതരായിരുന്നു ഞങ്ങൾ; ഇന്ദ്രൻസേട്ടനും ഞാനും. ഇരിക്കാൻ സീറ്റില്ല. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങ്‌ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കുമ്പോഴും കോട്ടയത്തെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഒഴിഞ്ഞ കസേരകൾ തേടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഞങ്ങൾ.

സംഘാടകർ ഇരിപ്പിടം ഒഴിച്ചിടാഞ്ഞിട്ടല്ല. കസേരകളുടെ പുറത്ത് അവാർഡിതരുടെ പേരുകൾ ഭംഗിയായി എഴുതി ഒട്ടിച്ചു വെക്കാഞ്ഞിട്ടുമല്ല. സീറ്റായ സീറ്റെല്ലാം പൊതുജനം കയ്യടക്കിയിരിക്കുന്നു. കയ്യേറ്റക്കാർ പലരും സ്ഥലത്തെ പ്രധാന പയ്യൻസാണ്. പ്രാദേശിക ശിങ്കങ്ങൾ. പൊലീസിന് പോലും തൊടാൻ മടിയുള്ള വി വി ഐ പിമാർ. ഇടക്ക് ഇന്ദ്രൻസേട്ടനെ നോക്കി ``അയ്യോ സീറ്റ് കിട്ടിയില്ലേ'' എന്ന് പരിതപിക്കുന്നുണ്ട് അവരിൽ ചിലർ. പക്ഷേ ഒഴിഞ്ഞുതരാൻ മനസ്സില്ല ആർക്കും.

നിരന്തരമായ പരിശ്രമത്തിനൊടുവിൽ പിൻനിരയിൽ ഒരു ഇരിപ്പിടം തരപ്പെടുത്തുന്നു ഇന്ദ്രൻസേട്ടൻ. തൊട്ടടുത്ത് എനിക്കായി മറ്റൊന്നും. ``വാ, വന്നിരിക്ക്. ഇല്ലെങ്കിൽ ഇതും പോകും.''-- ഇന്ദ്രൻസേട്ടൻ പറഞ്ഞു. എന്നിട്ട് ചിരിയോടെ ഒരു ആത്മഗതവും: ``പ്രേക്ഷകമനസ്സിൽ ഇടം നേടാൻ ഇത്രേം ബുദ്ധിമുട്ടില്ല....'' ആൾക്കൂട്ടത്തിൽ ഒരാളായി, സാധാരണക്കാരിൽ സാധാരണക്കാരനായി ഒപ്പമിരുന്ന അഭിനയപ്രതിഭയെ അത്ഭുതത്തോടെ നോക്കിയിരുന്നു ഞാൻ...

പരാതിയില്ല; പരിഭവമില്ല. താരജാഡകളോ നാട്യങ്ങളോ ഇല്ല. തനിക്ക് വേഷമില്ലാത്തിടത്ത് അറിയാതെ വന്നുപെട്ട നാട്ടിന്പുറത്തുകാരന്റെ ഭാവം മുഖത്ത്. ചുറ്റുമിരുന്നവരിൽ ``താര''ത്തെ തിരിച്ചറിഞ്ഞ ചിലർ പരസ്പരം എന്തൊക്കെയോ മുറുമുറുക്കുന്നു. മറ്റു ചിലർ തിരിഞ്ഞുനോക്കി വിളിച്ചു ചോദിക്കുന്നു: ``ഇന്ദ്രൻസേട്ടാ.... നിങ്ങക്ക് കോമഡി അവാർഡാ?'' അതെയെന്ന് തലയാട്ടിയ ശേഷം ഇന്ദ്രൻസേട്ടൻ എന്റെ കാതിൽ മന്ത്രിക്കുന്നു: ``അവാർഡിൽ കോമഡിയും ട്രാജഡിയുമുണ്ടോ?'' പിറകിൽ നിന്ന് ആഞ്ഞു തോണ്ടി മറ്റൊരു വിദ്വാന്റെ ചോദ്യം: ``ഇന്ദ്രൻസ്, എന്നെ അറിയില്ലേ? മുന്നാറിലെ മ്മടെ ജോയേട്ടന്റെ ഫാമിൽ നിങ്ങള് വന്നപ്പോ നമ്മള് പരിചയപ്പെട്ടിട്ടുണ്ട്. അന്നത്തെ തമാശയൊന്നും മറന്നിട്ടില്ല.''

തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് ഇന്ദ്രൻസിന്റെ മറുപടി: ``പിന്നെ പിന്നെ.. മറക്കാൻ പറ്റുമോ. നല്ല ഓർമ്മയുണ്ട്...കൊറച്ചു വണ്ണം വെച്ചു നിങ്ങള്.'' പിന്നെ എന്റെ നോക്കി കണ്ണിറുക്കി ഇത്ര കൂടി. ``ഒട്ടും ഓർമ്മ വരുന്നില്ല. പാവം മനുഷ്യൻ. ഒരു സന്തോഷായിക്കോട്ടെ. നമ്മളെ ഓർത്തുവെക്കുന്ന ആളല്ലേ..?''

അഭിനയത്തിനുള്ള പ്രത്യേക പരാമർശമായിരുന്നു ഇന്ദ്രൻസേട്ടന്. എനിക്ക് ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരവും. ഒപ്പമിരുന്ന നിമിഷങ്ങളിൽ ഞാൻ പറഞ്ഞു: ``കൊറേക്കാലം കോമഡി മാത്രം കാണിച്ച് വേസ്റ്റാക്കിയില്ലേ? ഇനി പ്രായശ്ചിത്തം ചെയ്യാനുള്ള കാലമാണ്. നിങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ ഇന്ദ്രൻസേട്ടാ.'' ചിരിച്ചുകൊണ്ടുതന്നെ ഗൗരവം കൈവിടാതെ മറുപടി: ``ഏയ്, വേസ്റ്റാക്കി എന്നൊന്നും പറയാനാവില്ല. നമ്മള് ആസ്വദിച്ച് തന്നെയാണ് അതും ചെയ്തത്. ആളുകളെ ചിരിപ്പിക്കാനാ പ്രയാസം. കരയിക്കാൻ പിന്നേം എളുപ്പാ..''

``അങ്ങനെ പറഞ്ഞാൽ പൂർണ്ണമായി അംഗീകരിക്കാൻ പറ്റില്ല'' -- ഞാൻ പറഞ്ഞു. ``ആ കരച്ചിൽ സിനിമ കണ്ടു പുറത്തിറങ്ങിയിട്ടും നമ്മുടെ മനസ്സിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, നടൻ വിജയിച്ചു എന്നർത്ഥം. അങ്ങനെ കരയിക്കാൻ കഴിയുന്ന ആളാ ഇന്ദ്രൻസേട്ടാ നിങ്ങള്.''-- ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു നടൻ.

ഇരിപ്പിടം തേടി പരേഡ് മൈതാനത്ത് കറങ്ങിയ നടൻ ഇന്ന് മലയാളസിനിമയിൽ പകരം വെക്കാനില്ലാത്ത ഇരിപ്പിടത്തിന്റെ ഉടമ. റോജിൻ തോമസ് സംവിധാനം ചെയ്ത ``ഹോം'' എന്ന സിനിമ ആ അഭിനയമികവിന്റെ ഏറ്റവും പുതിയ നേർസാക്ഷ്യം. ഡിജിറ്റൽ വിപ്ലവകാലത്തെ ഒട്ടും ടെക്‌നോ-സാവി അല്ലാത്ത സാധാരണക്കാരനായ ഒരു മധ്യവർഗ്ഗ വീട്ടച്ഛന്റെ ആത്മസംഘർഷങ്ങളും ആശയക്കുഴപ്പങ്ങളും ആകുലതകളും അതീവഹൃദ്യമായി വരച്ചുകാട്ടുന്നു ഇന്ദ്രൻസിന്റെ ഒളിവർ ട്വിസ്റ്റ്. ഒരുവേള അയാളിൽ നമ്മുടെ ഒരു അംശവുമില്ലേ എന്ന് തോന്നിക്കുന്നിടത്താണ് ഇന്ദ്രൻസിലെ അഭിനേതാവിന്റെ വിജയം.

മുൻപും കിടിലൻ കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് ഇന്ദ്രൻസേട്ടൻ. പ്രത്യേക പരാമർശം നേടിയ അപ്പോത്തിക്കിരിയും സ്റ്റേറ്റ് അവാർഡ് നേടിയ ആളൊരുക്കവും വെയിൽമരങ്ങളും ഉൾപ്പെടെ നിരവധി പടങ്ങളിൽ. എങ്കിലും ``ഹോ''മിലെ ഒളിവർ ട്വിസ്റ്റ് ഒന്നുവേറെ. മുഖത്തെ അതിസൂക്ഷ്മമായ ഭാവപ്പകർച്ചകൾ, സംഭാഷണങ്ങൾക്കിടയിലെ അർത്ഥഗർഭമായ മൗനങ്ങൾ, മൂളലുകൾ, അമളികൾ മറച്ചുവെക്കാനുള്ള പങ്കപ്പാടുകൾ, ഒരുപാട് അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്ന ചിരികൾ..... സ്വാഭാവികതയിൽ ന്യൂജൻ പുലികളേയും കവച്ചുവെക്കുന്നു ഇന്ദ്രൻസേട്ടൻ.

``ഹോം'' സിനിമയുടെ രാഷ്ട്രീയവും വരേണ്യതയും സ്ത്രീപക്ഷ, സ്ത്രീവിരുദ്ധ നിലപാടുകളും ഒക്കെ കുറേക്കാലത്തേക്ക് ചർച്ച ചെയ്യപ്പെട്ടേക്കാം. അതാണല്ലോ നടപ്പുരീതി. എങ്കിലും എന്നിലെ സാധാരണ പ്രേക്ഷകന് ഹൃദയസ്പർശിയായ അനുഭവമായി ആ പടം. ഒരിക്കൽ കൂടി കണ്ടാലും മുഷിയില്ല എന്ന് തോന്നിയ അത്യപൂർവം സമീപകാല പടങ്ങളിലൊന്ന്. കയ്യിൽ സദാ ജാഗരൂകമായ റിമോട്ടും ചുണ്ടിലൊരു ബീപ്പ് ശബ്ദവുമായി മാത്രം സിനിമ കാണാൻ ഇറങ്ങിപ്പുറപ്പെടേണ്ട കാലത്ത്, കുടുംബസമേതം ധൈര്യമായി ചെന്നിരുന്നു കാണാവുന്ന പടം. (എന്റെ വ്യക്തിപരമായ അഭിപ്രായം. ഭിന്നാഭിപ്രയക്കാർക്കും സ്വാഗതം) ഇന്ദ്രൻസാണ് ഈ ``ഹോ''മിന്റെ ഐശ്വര്യം. സബാഷ് ഇന്ദ്രൻസേട്ടാ... ഇനിയും വരട്ടെ ഇത്തരം കഥാപാത്രങ്ങൾ..


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News